06:34pm 10 November 2026
NEWS
കന്യാസ്ത്രീകളുടെ കേസ് എൻ.ഐ.എ കോടതിയിലേക്ക്; ജാമ്യം ലഭിക്കാത്തതിൽ ബജ്റംഗ്ദൾ പ്രവർത്തകരുടെ ആഘോഷം
31/07/2025  09:23 AM IST
സുരേഷ് വണ്ടന്നൂർ
കന്യാസ്ത്രീകളുടെ കേസ് എൻ.ഐ.എ കോടതിയിലേക്ക്; ജാമ്യം ലഭിക്കാത്തതിൽ ബജ്റംഗ്ദൾ പ്രവർത്തകരുടെ ആഘോഷം

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്ന് അറിയിച്ച സെഷൻസ് കോടതി, ബിലാസ്പുരിലെ എൻ.ഐ.എ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചു. ജാമ്യം നിഷേധിക്കപ്പെട്ടതോടെ കോടതിക്ക് പുറത്ത് ബജ്റംഗ്ദൾ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. ജ്യോതി ശർമയുടെ നേതൃത്വത്തിൽ രാവിലെ മുതൽ ബജ്റംഗ്ദൾ പ്രവർത്തകർ കോടതിക്ക് മുന്നിൽ തടിച്ചുകൂടിയിരുന്നു.

​ദുർഗിലെ ജയിലിൽ റിമാൻഡിൽ കഴിയുന്ന സിസ്റ്റർ വന്ദനയുടെയും സിസ്റ്റർ പ്രീതിയുടെയും ജാമ്യാപേക്ഷ ചൊവ്വാഴ്ച മജിസ്‌ട്രേറ്റ് കോടതിയും തള്ളിയിരുന്നു. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ തങ്ങളുടെ അധികാരപരിധിയിലല്ലെന്ന് ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് സെഷൻസ് കോടതിയെ സമീപിച്ചത്. സിറോ മലബാർ സഭയുടെ കീഴിലുള്ള അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് സന്യാസസഭയിലെ അംഗങ്ങളായ ഇവരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തത്.

​ഇടത് നേതാക്കൾ സന്ദർശിച്ചു

​ഇടത് നേതാക്കളായ വൃന്ദ കാരാട്ട് (സി.പി.എം), ആനി രാജ (സി.പി.ഐ), എം.പിമാരായ ജോസ് കെ. മാണി, പി.പി സുനീർ, എ.എ. റഹീം, കെ. രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘം ഇന്നലെ രാവിലെ ദുർഗ് ജില്ലാ ജയിലിലെത്തി കന്യാസ്ത്രീകളെ സന്ദർശിച്ചു. കന്യാസ്ത്രീകൾ നിരപരാധികളാണെന്നും എഫ്.ഐ.ആർ പിൻവലിക്കണമെന്നും വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. എഫ്.ഐ.ആർ റദ്ദാക്കി സർക്കാർ മാപ്പുപറയണമെന്ന് ജോസ് കെ. മാണി എം.പി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഈ സംഘത്തിന് സന്ദർശനാനുമതി നിഷേധിച്ചിരുന്നു. യു.ഡി.എഫ് എം.പിമാരും ബി.ജെ.പി പ്രതിനിധി അനൂപ് ആന്റണിയും ചൊവ്വാഴ്ച കന്യാസ്ത്രീകളെ സന്ദർശിച്ചിരുന്നു.

​സി.ബി.സി.ഐ സംഘം ഛത്തീസ്ഗഡിൽ

​കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) സംഘം റായ്‌പുരിലെത്തി. സി.ബി.സി.ഐ കന്യാസ്ത്രീകൾക്ക് വേണ്ടി ഇടപെടുന്നില്ലെന്ന് കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. എന്നാൽ, ജോർജ്ജ് കുര്യന്റെ വിമർശനം തള്ളി കന്യാസ്ത്രീകൾക്ക് എല്ലാ സഹായവും നൽകുമെന്ന് സി.ബി.സി.ഐ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img