08:14pm 10 November 2026
NEWS
മലയാളികന്യാസ്ത്രീകൾ അറസ്റ്റിലായപ്പോൾ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി എന്തു ചെയ്തു?
05/08/2025  10:01 AM IST
nila
 മലയാളികന്യാസ്ത്രീകൾ അറസ്റ്റിലായപ്പോൾ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി എന്തു ചെയ്തു?

ഛത്തീസ്ഗഢിൽ രണ്ടു മലയാളികന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ തൃശ്ശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി സ്വീകരിച്ച നിലപാട് സംബന്ധിച്ച് ക്രൈസ്തവ വിശ്വാസികൾക്കിടയിൽ ചർച്ചകൾ സജീവം. തൃശ്ശൂരിൽ ക്രൈസ്തവ സഭകളുടെ വോട്ട് കൂടി വാങ്ങി ജയിച്ച സുരേഷ് ​ഗോപി വിഷയത്തിൽ ഇടപെടുകയോ പരസ്യമായി പ്രതികരിക്കുകയോ ചെയ്തില്ല എന്നാണ് ഒരു വിഭാ​ഗം ചൂണ്ടിക്കാട്ടുന്നത്.  ക്രൈസ്തവ വിശ്വാസികളുടെ സൈബർ കൂട്ടായ്മകളിൽ ഇതുസംബന്ധിച്ച ചർച്ചകളും തർക്കങ്ങളും സജീവമാണ്. സുരേഷ് ​ഗോപി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കുറ്റകരമായ മൗനം പാലിച്ചു എന്ന് ഒരു വിഭാ​ഗം വിമർശിക്കുമ്പോൾ, സുരേഷ് ​​ഗോപി ഭരണതലത്തിൽ ഇടപെടലുകൾ നടത്തിയെന്ന അവകാശവാദവുമായി മറു വിഭാ​ഗവും സജീവമായുണ്ട്.

സുരേഷ് ഗോപിയുടെ നിലപാടിൽ കടുത്ത വിമർശനമാണ് വിശ്വാസികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലും മറ്റും ഉയരുന്നത്. അതേസമയം, പരസ്യമായ പ്രതികരണത്തിലല്ല, ആവശ്യമായ ഇടപെടലിലാണ് മന്ത്രി വിശ്വസിക്കുന്നതെന്ന് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങൾ പറയുന്നു. വിഷയം അറിഞ്ഞപ്പോൾത്തന്നെ പ്രധാനമന്ത്രിയുടെയും മറ്റും ശ്രദ്ധയിൽപ്പെടുത്താനുള്ള ശ്രമമുണ്ടായെന്നും അക്കാര്യം സഭാനേതൃത്വത്തിന് അറിയാമെന്നുമാണ് ഇക്കൂട്ടരുടെ വാദം.

അതേസമയം, ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് സഭാനേതൃത്വം തയ്യാറായിട്ടില്ല. ‌ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വന്നുകണ്ടതിനുശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേ സിബിസിഐ അധ്യക്ഷൻ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, എംപിയെയും മന്ത്രിയെയും ഫോണിൽ വിവരം ധരിപ്പിച്ചിരുന്നതായി വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപി വിളിച്ചിരുന്നോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടിപറഞ്ഞില്ല.‌

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img