08:07pm 02 April 2026
NEWS
ഇറാനെതിരെ ആണവായുധം? ​ഗുരുതര വെളിപ്പെടുത്തലുമായി ഐക്യരാഷ്ട്രസഭയിലെ നയതന്ത്രജ്ഞൻ
31/03/2026  07:55 AM IST
nila
ഇറാനെതിരെ ആണവായുധം? ​ഗുരുതര വെളിപ്പെടുത്തലുമായി ഐക്യരാഷ്ട്രസഭയിലെ നയതന്ത്രജ്ഞൻ

ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട ഒരു സംഘടനയിലെ മുതിർന്ന നയതന്ത്രജ്ഞന്റെ രാജിയും അതിനോടനുബന്ധിച്ചുള്ള ഗുരുതര ആരോപണങ്ങളും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. യുഎൻ ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിൽ (ECOSOC) പ്രത്യേക കൺസൾട്ടേറ്റീവ് പദവിയുള്ള പേട്രിയോട്ടിക് വിഷൻ ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് സഫയാണ് രാജിവെച്ചത്. ഐക്യരാഷ്ട്ര സഭയിലെ ചില ഉന്നത ഉദ്യോഗസ്ഥർ ശക്തമായ ലോബികളുടെ സ്വാധീനത്തിലാണെന്നും, അപകടകരമായ ആഗോള തീരുമാനങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്നും സഫ ആരോപിച്ചു. ഇറാനിൽ ആണവായുധം ഉപയോഗിക്കപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിന് അന്താരാഷ്ട്ര തലത്തിൽ തയ്യാറെടുപ്പുകൾ നടക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം.

ഇത്തരം നീക്കങ്ങൾ വൻ മനുഷ്യാവകാശ ദുരന്തത്തിന് വഴിവെക്കുമെന്ന് മുന്നറിയിപ്പ് നൽകിയ സഫ, ഇത് ‘മാനവികതയ്‌ക്കെതിരായ കുറ്റകൃത്യം’ ആകാമെന്നും അഭിപ്രായപ്പെട്ടു. ‘ന്യൂക്ലിയർ വിന്റർ’ പോലുള്ള ദുരന്തസാഹചര്യം ഒഴിവാക്കാനാണ് തന്റെ നയതന്ത്രജീവിതം അവസാനിപ്പിച്ചുകൊണ്ട് ഈ വിവരങ്ങൾ പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഐക്യരാഷ്ട്രസഭ ഈ ആരോപണങ്ങളോട് ഇതുവരെ ഔദ്യോഗിക പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി തന്നെ സമ്മർദ്ദങ്ങളും ഭീഷണികളും നേരിട്ടതായി സഫ വെളിപ്പെടുത്തി. പ്രത്യേകിച്ച് 2023ൽ ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ തന്റെ നിലപാടുകൾക്കെതിരെ കടുത്ത വിമർശനവും സെൻസർഷിപ്പും ഉണ്ടായതായി അദ്ദേഹം ആരോപിച്ചു. ചില രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചിട്ടും അവരെ ഉത്തരവാദികളാക്കുന്നതിൽ യുഎന്നിലെ ചില വിഭാഗങ്ങൾ താത്പര്യം കാണിക്കുന്നില്ലെന്നും, തന്റെ ആശങ്കകൾ അവഗണിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് വർഷത്തോളമായി തുടരുന്ന സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിലാണ് രാജിയെന്നും, 2023 മുതൽ തന്നെ ഈ തീരുമാനത്തെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും സഫ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img