
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിൽ അന്വേഷണം ശക്തമാക്കി സിബിഐ. കേസിന്റെ അന്വേഷണം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ)യിലെ ഉന്നത ഉദ്യോഗസ്ഥരിലേക്കും എത്തുന്നുവെന്ന സൂചനയാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്നത്. ഇന്ത്യാടുഡേയുടെ റിപ്പോർട്ട് പ്രകാരം, എൻടിഎയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സിബിഐ നിരീക്ഷണത്തിലാണ്. എന്നാൽ ഉദ്യോഗസ്ഥന്റെ വ്യക്തിവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ചോദ്യപേപ്പർ തയാറാക്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുമായി ബന്ധപ്പെട്ട അധ്യാപകർ അറസ്റ്റിലായതോടെയാണ് അന്വേഷണത്തിന് പുതിയ വഴിത്തിരിവായത്. ചോദ്യപേപ്പർ ചോർച്ചയ്ക്ക് എൻടിഎയ്ക്കുള്ളിൽ നിന്നുള്ള സഹായവും ഉണ്ടായിരിക്കാമെന്നാണ് സിബിഐ സംശയിക്കുന്നത്.
പുണെയിൽ പിടിയിലായ മനീഷ സഞ്ജയ് വാഗ്മാരെയിൽ നിന്നാണ് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ലാത്തൂരിലെ കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണിയെയും പുണെയിലെ ബയോളജി പ്രൊഫസർ മനീഷ ഗുരുനാഥ് മന്ഥാരെയെയും സിബിഐ അറസ്റ്റ് ചെയ്തു. എൻടിഎയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ വഴിയാണ് ഏപ്രിൽ 27-ന് ചോദ്യപേപ്പറും ഉത്തരസൂചികയും മനീഷ വാഗ്മാരെയ്ക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മനീഷ മന്ഥാരെയുടെ ഇടപെടലിലൂടെയാണ് വാഗ്മാരെ പി.വി. കുൽക്കർണിയുമായി ബന്ധപ്പെടുന്നത്. തുടർന്ന് ചോദ്യങ്ങൾ കൈപ്പറ്റിയ വാഗ്മാരെ അവ കേസിലെ മറ്റൊരു പ്രതിയായ ധനഞ്ജയ് ലോഖാന്ധെ ഉൾപ്പെടെയുള്ളവർക്ക് വിറ്റതായും കണ്ടെത്തിയിട്ടുണ്ട്.
കുൽക്കർണിയുടെ വീട്ടിൽ പരിശീലനത്തിന് എത്തിയ വിദ്യാർഥികൾക്കും ചോർന്ന ചോദ്യങ്ങൾ മുൻകൂട്ടി നൽകിയിരുന്നുവെന്നാണ് അന്വേഷണ വിവരങ്ങൾ. പരീക്ഷ കഴിഞ്ഞതിന് പിന്നാലെ ചോദ്യങ്ങൾ അടങ്ങിയ രേഖകൾ നശിപ്പിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതിനകം രണ്ട് അധ്യാപകരടക്കം ഒൻപത് പേരെയാണ് കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാജസ്ഥാനിലെ യുവമോർച്ച നേതാവും സഹോദരനും പ്രതിപ്പട്ടികയിലുണ്ട്.










