
ന്യൂഡൽഹി: നീറ്റ് പരീക്ഷാ സംവിധാനത്തിൽ സുപ്രധാന മാറ്റങ്ങളുമായി നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). പരീക്ഷ കൂടുതൽ സുതാര്യവും വിദ്യാർഥിസൗഹൃദവുമാക്കുന്നതിനായാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.
പുതിയ ക്രമീകരണമനുസരിച്ച് പരീക്ഷയുടെ ദൈർഘ്യം 195 മിനിറ്റായിരിക്കും. ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കുന്ന പരീക്ഷ വൈകുന്നേരം 5.15 വരെ നീളും. ഹാജർ ഒപ്പിടൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ മൂലം വിദ്യാർഥികളുടെ എഴുത്തുസമയം നഷ്ടപ്പെടാതിരിക്കാനാണ് ഈ തീരുമാനം.
റഫ് വർക്കുകൾക്കായി ചോദ്യപേപ്പർ ബുക്ക്ലെറ്റിൽ കൂടുതൽ സ്ഥലം അനുവദിക്കാനും എൻടിഎ തീരുമാനിച്ചു. നിലവിൽ ലഭിക്കുന്ന രണ്ട് പേജുകൾക്ക് പകരം ഇനി നാല് പേജുകൾ ലഭ്യമാകും. ഇതിൽ രണ്ട് പേജുകൾ നിർദേശങ്ങൾക്കു ശേഷവും ശേഷിക്കുന്ന രണ്ട് പേജുകൾ ബുക്ക്ലെറ്റിന്റെ അവസാന ഭാഗത്തുമാകും ഉൾപ്പെടുത്തുക.
ഇംഗ്ലീഷ് ഉൾപ്പെടെ എല്ലാ പ്രാദേശിക ഭാഷകളിലുമുള്ള ചോദ്യപേപ്പറുകളിൽ ഈ പുതുക്കിയ ബുക്ക്ലെറ്റ് മാതൃക നടപ്പിലാക്കുമെന്ന് എൻടിഎ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കി.










