
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ എൻഎസ്എസ് യുഡിഎഫ് സ്ഥാനാർത്ഥി ഐഷാ പോറ്റിക്ക് പിന്തുണ നൽകിയെന്ന് റിപ്പോർട്ട്. യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റിക്ക് പിന്തുണ നൽകാൻ എൻഎസ്എസ് നേതാവ് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പുറത്തുവന്നു. വാർത്താ ചാനലായ റിപ്പോർട്ടർ ടിവിയാണ് ശബ്ദസന്ദേശം പുറത്തുവിട്ടത്.
എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി അനിൽകുമാറാണ് അയിഷാ പോറ്റിക്ക് വോട്ട് നൽകാൻ ആഹ്വാനം ചെയ്തത്. വോട്ടെടുപ്പിന് മുൻപുള്ള അനിൽകുമാറിന്റെ ശബ്ദരേഖയാണ് ഇതെന്നും റിപ്പോർട്ടർ ടിവി പറയുന്നു. കഴിഞ്ഞതവണ കെ എൻ ബാലഗോപാലിനെ സഹായിച്ചെന്ന് യൂണിയൻ സെക്രട്ടറി പറയുന്നതും ശബ്ദരേഖയിലുണ്ട്.
ജനറൽ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനമെന്നും സെക്രട്ടറിയുടെ ഫോൺ സംഭാഷണത്തിൽ പറയുന്നു. കൊട്ടാരക്കര ഒഴികെയുള്ള മണ്ഡലങ്ങളിൽ മാത്രമാണ് സമദൂര നിലപാടെന്നും അനിൽകുമാർ പറയുന്നുണ്ട്.











