
സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസിന്റെ പിന്തുണ. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊണ്ട് തന്നെയാകും സർക്കാർ മുന്നോട്ട് പോകുകയെന്ന് തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് എൻഎസ്എസ് വൈ.പ്രസിഡന്റ് എൻ.സംഗീത് കുമാർ വ്യക്തമാക്കി. ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി വലിയ തർക്കത്തിലായിരുന്ന എൻഎസ്എസിന്റെ പിന്തുണ സർക്കാരിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ്.
നായർ സർവീസ് സൊസൈറ്റിക്ക് സർക്കാരിൽ പൂർണവിശ്വാസമാണെന്നായിരുന്നു എൻ.സംഗീത് കുമാറിന്റെ പ്രതികരണം. അത് നിലനിർത്തിക്കൊണ്ട് പോകുന്നതിലും ആഗോള അയ്യപ്പ സംഗമം നടത്തുന്നതിലും തങ്ങൾക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള ഒരു ആഗോള സംഗമം ശബരിമലയിലെ വികസനത്തിനും ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുള്ള വേദിയായും മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











