12:20am 21 June 2026
NEWS
എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് ഗണേഷ് കുമാറിനെ ഒഴിവാക്കിയത് കാലാവധി അവസാനിച്ചതിനാൽ: സുകുമാരൻ നായർ
20/06/2026  12:44 PM IST
nila
എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് ഗണേഷ് കുമാറിനെ ഒഴിവാക്കിയത് കാലാവധി അവസാനിച്ചതിനാൽ: സുകുമാരൻ നായർ

ചങ്ങനാശ്ശേരി: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിനെ എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് പുറത്താക്കിയെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ഗണേഷ് കുമാറിനെ പുറത്താക്കിയതല്ലെന്നും, അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചതിനാലാണ് അംഗത്വം പുതുക്കി നൽകാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡയറക്ടർ ബോർഡുമായി ബന്ധപ്പെട്ട തീരുമാനം പൂർണമായും ജനാധിപത്യപരമാണെന്ന് സുകുമാരൻ നായർ പറഞ്ഞു. ഗണേഷ് കുമാർ അവകാശപ്പെട്ട 12 പേരുടെ പിന്തുണ നിലവിലെ കമ്മിറ്റിയിലുള്ളവരുടേതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനറൽ സെക്രട്ടറിയെ ഗണേഷ് കുമാർ തള്ളിപ്പറഞ്ഞുവെന്ന ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, "ആർക്കും ജനറൽ സെക്രട്ടറിയെ തള്ളിക്കളയാൻ കഴിയില്ല" എന്നായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. 'അത് അവരുടെ വേലയാണ്, അതാണ് അവരുടെ തൊഴിൽ. ജനറൽ സെക്രട്ടറിയെ ആർക്കും തള്ളിപ്പറയാൻ പറ്റില്ല. തള്ളിപ്പറഞ്ഞാൽ അവന്റെ അഡ്രസ് കാണില്ല. ഞങ്ങൾ കാണിച്ചത് ജനാധിപത്യപരമാണോ എന്നത് ഞങ്ങൾക്ക് ബോധ്യമുണ്ട്. വർഷങ്ങളായി ബോർഡിൽ അംഗത്വം കിട്ടാതിരിക്കുന്നവർക്ക് കൊടുക്കണ്ടേ, പ്രവർത്തനം നോക്കിയാണ് ആളുകളെ മാറ്റുന്നത്. പരാതിയുണ്ടെങ്കിൽ കേസ് കൊടുക്കാമെന്നും സുകുമാരൻ നായർ പറഞ്ഞു.

പത്തനാപുരം താലൂക്ക് യൂണിയനിൽ നിന്ന് നേരത്തെ തന്നെ ഗണേഷ് കുമാർ പുറത്തായിരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഡയറക്ടർ ബോർഡ് അംഗത്വവും നഷ്ടമായത്. ഡയറക്ടർ ബോർഡിലെ ഒൻപത് അംഗങ്ങളുടെ കാലാവധി അവസാനിച്ചതിൽ എട്ടുപേരുടെ അംഗത്വം പുതുക്കിയപ്പോൾ ഗണേഷ് കുമാറിനെ മാത്രം ഒഴിവാക്കി. അദ്ദേഹത്തിന് പകരം വി.ആർ.കെ. ബാബുവിനെ പുതിയ അംഗമായി ഉൾപ്പെടുത്തി.

തന്നെ പിന്തുണയ്ക്കുന്ന 12 അംഗങ്ങൾ ബോർഡിലുണ്ടെന്ന് ഗണേഷ് കുമാർ നേരത്തെ അവകാശപ്പെട്ടിരുന്നു. ജനറൽ സെക്രട്ടറിയെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് താനെന്നും, പത്തനാപുരം താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ മാത്രമാണ് അഭിപ്രായ വ്യത്യാസമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, പത്തനാപുരം താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെ വിവിധ ആരോപണങ്ങൾ ഉയർന്നിരുന്നു. പത്മ കഫേ നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂണിയനിലെ പകുതിയിലധികം അംഗങ്ങൾ രാജിവെച്ചതിനെ തുടർന്ന് യൂണിയൻ പിരിച്ചുവിട്ടിരുന്നു. എൻഎസ്എസ് നേതൃത്വത്തിനെതിരെ ഗണേഷ് കുമാർ അടുത്തിടെ പരസ്യ വിമർശനങ്ങളും ഉന്നയിച്ചിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img