
പുനലൂർ: മുൻ എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും മുൻ താലൂക്ക് യൂണിയൻ പ്രസിഡന്റുമായ കെ.ബി. ഗണേഷ് കുമാറിനെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചതിനെ തുടർന്ന് എൻഎസ്എസ് കരയോഗം പിരിച്ചുവിട്ടു. കുന്നിക്കോട് ടൗൺ ശ്രീ മഹാദേവ കരയോഗത്തിന്റെ ഭരണസമിതിയെയാണ് പിരിച്ചുവിട്ടത്. താൽക്കാലിക ഭരണസമിതിയെ നിയോഗിക്കാനും എൻഎസ്എസ് രജിസ്ട്രാർ ഉത്തരവിട്ടു.
പത്തനാപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന് കീഴിലുള്ള കുന്നിക്കോട് ടൗൺ ശ്രീ മഹാദേവ എൻഎസ്എസ് കരയോഗമാണ് എൻഎസ്എസ് ഹെഡ് ഓഫീസിന്റെയും താലൂക്ക് യൂണിയന്റെയും മുൻകൂർ അനുമതിയില്ലാതെ എൻഎസ്എസ് നേതൃത്വത്തിൽ നിന്ന് നീക്കപ്പെട്ട കെ.ബി. ഗണേഷ് കുമാറിനെ ആത്മീയ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനത്തിനായി ക്ഷണിച്ചത്.
ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച ഗണേഷ് കുമാർ എൻഎസ്എസ് നേതൃത്വത്തെയും താലൂക്ക് യൂണിയൻ ഭരണസമിതിയെയും രൂക്ഷമായി വിമർശിച്ചതായാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് സമുദായാംഗങ്ങൾ എൻഎസ്എസ് നേതൃത്വത്തിന് പരാതി നൽകുകയും പരാതിയിൽ പ്രാഥമിക പരിശോധനയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.
തുടർന്നാണ് കരയോഗത്തിന്റെ ഭരണവും സ്വത്തുവകകളുടെയും നിയന്ത്രണവും എൻഎസ്എസ് രജിസ്ട്രാർ ഏറ്റെടുക്കുകയും താൽക്കാലിക ഭരണസമിതിയെ നിയമിക്കുകയും ചെയ്യുന്ന ഉത്തരവ് പുറത്തിറക്കിയത്.
അതേസമയം, കഴിഞ്ഞ ആറു വർഷമായി സ്ഥിരം ഭരണസമിതി നിലവിലില്ലാത്ത കരയോഗത്തിൽ മുൻ ഭാരവാഹിയുടെ അധ്യക്ഷതയിലാണ് ആത്മീയ പഠനകേന്ദ്രവുമായി ബന്ധപ്പെട്ട പരിപാടി സംഘടിപ്പിച്ചതെന്നും വിവരമുണ്ട്.










