
എൻഎസ്എസ് ഒരിക്കലും വർഗീയ സമീപനം സ്വീകരിച്ച സംഘടനയല്ലെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. എസ്എൻഡിപിയുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തുടക്കം മുതൽ സമദൂര രാഷ്ട്രീയ കാഴ്ചപ്പാടാണ് എൻഎസ്എസ് പിന്തുടർന്നിട്ടുള്ളതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഷ്ട്രീയമായി സമദൂര നിലപാടാണ് എൻഎസ്എസിന്റെ മുഖമുദ്രയെന്നും, എല്ലാ കാലത്തും മതേതര സമീപനം സ്വീകരിച്ച ചരിത്രം സംഘടനയ്ക്ക് ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സമുദായങ്ങളുടെ പുരോഗതിക്കും സമൂഹത്തിലെ സൗഹാർദത്തിനുമായി സഹിഷ്ണുതയോടെ പ്രവർത്തിക്കുക എന്നത് രാജ്യത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു.
എസ്എൻഡിപിയും ഒരുകാലത്ത് സ്വതന്ത്രവും സമദൂരവുമായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും, പിന്നീട് ചില മാറ്റങ്ങൾ സംഭവിച്ചതോടെയാണ് സംഘടനയുടെ രാഷ്ട്രീയ നിലപാടുകൾ ചർച്ചാവിഷയമായതെന്നും കുഞ്ഞാലിക്കുട്ടി വിലയിരുത്തി. വർഗീയമോ വിഭാഗീയമോ ആയ സമീപനം സ്വീകരിക്കുന്ന ഘട്ടത്തിലാണ് പൊതുസമൂഹത്തിന് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും, അല്ലാത്ത പക്ഷം ഇത്തരം സംഘടനകൾ സാമൂഹിക സൗഹാർദത്തിന് സംഭാവന നൽകുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
പത്മ പുരസ്കാര പ്രഖ്യാപനം വിവാദമാക്കാൻ താൻ തയ്യാറല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യം നൽകുന്ന പുരസ്കാരം ഒരാൾക്ക് ലഭിച്ചാൽ അതിനെതിരായി സംസാരിക്കേണ്ട കാര്യമില്ലെന്നും, രാജ്യം ഒരാളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോൾ അതിനെ ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സിപിഎമ്മിലെ ഫണ്ട് വിവാദം ആ പാർട്ടി തന്നെ പരിഗണിക്കട്ടെയെന്നും പിന്നീട് പ്രതികരിക്കാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.











