08:13am 29 November 2026
NEWS
എൻ.എസ്.എസ് ബന്ധം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നൂതന ദിശാസന്ദേശം
29/11/2026  05:44 AM IST
അഡ്വ.എം. മനോഹരൻപിള്ള
എൻ.എസ്.എസ് ബന്ധം മുഖ്യമന്ത്രി വി.ഡി. സതീശന്റെ നൂതന ദിശാസന്ദേശം

2026 ലെ തെരഞ്ഞെടുപ്പുഫലത്തിൽ 32 ശതമാനം വോട്ടുനേടിയത് മുന്നോക്ക സമുദായക്കാരിൽ നിന്നാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള സംഭാവന എൻ.എസ്.എസ് അടക്കമുള്ള വിഭാഗങ്ങളുടെ സംഭാവന തന്നെ.
എൻ.എസ്.എസിന്റെയുൾപ്പെടെയുള്ള മുന്നോക്ക സമുദായങ്ങളുടെ പൊതുവികാരം പിണറായി വിരുദ്ധമായിരുന്നു. അതുകൊണ്ടാണ് ബി.ജെ.പിയെപ്പോലും തള്ളിക്കൊണ്ട് അവർ യു.ഡി.എഫിന് വോട്ട് ചെയ്തത്. ആ യാഥാർത്ഥ്യം ആദ്യം ഉൾക്കൊണ്ടത് മുഖ്യമന്ത്രി വി.ഡി. സതീശനാണ്. പിണറായിയുടെ കാലത്തിന്റെ അവസാന സമയത്ത് ഒരു എൻ.എസ്.എസ് വിരുദ്ധ സംഘടന ഹൈക്കോടതിയിൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ കേസ് കൊടുത്തെങ്കിലും അതു നടപ്പാക്കാൻ സർക്കാരിന് ബാധ്യതയില്ലെന്നത് സുപ്രീംകോടതിവിധിയാണ്. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടുപോലും സുപ്രീംകോടതി തള്ളിയതാണ്. ഇതേ അഭിപ്രായമാണ് സതീശൻ സർക്കാരിനും ലഭിച്ചത്. 27.7.26 ൽ മുന്നോക്ക വിഭാഗത്തിലെ ഋണട വിഭാഗത്തിന്റെ ദേശീയ സംഘടനയാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. ആ നിവേദനപ്രകാരമാണ് മുഖ്യമന്ത്രി ഫയൽ വരുത്തുകയും മന്ത്രിസഭയിൽ വച്ച് റിപ്പോർട്ട് അംഗീകരിക്കുകയും നിയമസഭയുടെ മേശപ്പുറത്തുവയ്ക്കാനും തീരുമാനിച്ചത്.

ഈ തിരിച്ചറിവുകളും മുന്നോക്ക വിഭാഗങ്ങളുടെ സമ്മർദ്ദവും എൻ.എസ്.എസ് അണികളുടെയും സമ്മർദ്ദവും ആണ് ഒരു സമന്വയത്തിന് എൻ.എസ്.എസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്. മാത്രവുമല്ല പിണറായി സർക്കാരിനെതിരെ ശബരിമല സമരകാലത്തും 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തും എൽ.ഡി.എഫിന് തിരിച്ചടി ശക്തമായി ഉണ്ടായതാണ്.

ശബരിമല പ്രക്ഷോഭകാലത്ത് വെള്ളാപ്പള്ളി നടേശൻ ചെയർമാനായി പിണറായി നവോത്ഥാന സമിതി രൂപീകരിച്ചു. മുൻമന്ത്രി വി.എൻ വാസവന്റെ ഇടപെടലോടെ പിണറായിയെയും കൊണ്ടുപോയെങ്കിലും അത് കതിരേൽ വളം വയ്ക്കലായിരുന്നു. എൻ.എസ്.എസ് അണികൾ ആ അടുപ്പം അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പിൽ പിണറായിക്ക് ശക്തമായ തിരിച്ചടി നൽകിയവരിൽ എൻ.എസ്.എസ്സുകാരും മറ്റ് മുന്നോക്ക സംഘടനകളും ഉണ്ടായിരുന്നു. അതാണ് 32 ശതമാനം.

1995 നുശേഷം 2026 എത്തുമ്പോൾ ഏകദേശം 31 വർഷം പിന്നിടുന്നു കേരളത്തിൽ നായർ സമുദായംഗമായ ഒരു മുഖ്യമന്ത്രി കേരളത്തിന്റെ ഭരണത്തലവനാകാൻ. പരവൂർ ടി.കെ. നാരായണപിള്ളയുടെയും പനമ്പിള്ളി ഗോവിന്ദമേനോന്റെയും കെ. കരുണാകരന്റെയും പാരമ്പര്യത്തിൽ വളർന്നയാളാണ് വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന വി.ഡി. സതീശൻ.

2021 ൽ മുഖ്യമന്ത്രിയാകാൻ മത്സരിച്ച രമേശ് ചെന്നിത്തലയ്ക്ക് ഭാഗ്യം കനിഞ്ഞില്ല. 2026 മൂന്ന് നായർ സമുദായംഗങ്ങളായ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കെ.സി. വേണുഗോപാലും മത്സരിച്ചെങ്കിലും ഭാഗ്യം അനുഗ്രഹിച്ചതും കേരളം കനിഞ്ഞതും വി.ഡി. സതീശനെയാണ്.
2027 ജനുവരി 27-ാം തീയതി ഈ വർഷത്തെ മന്നം ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ പെരുന്നയിലെത്തി വിശിഷ്ടമായ മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി വേദിയിലേക്ക് വരുന്നത് ഒരു ചരിത്ര സംഭവമാക്കാൻ നായർ സർവ്വീസ് സൊസൈറ്റി നേതൃത്വം തയ്യാറെടുക്കുകയാണ്. ഒപ്പം കേരളവും.

യു.ഡി.എഫിന് വോട്ടുചെയ്ത കേരളത്തിലെ എൻ.എസ്.എസ് ഉൾപ്പെടുന്ന മുന്നോക്ക സമുദായങ്ങളിലുള്ളവരും ജി. സുധാകരനെയും സി.പി. ജോണിനെയും ഒക്കെ ജയിപ്പിച്ച എൻ.എസ്.എസ്- മുന്നോക്ക സമുദായാംഗങ്ങൾക്കിടയിൽ ഉള്ള നായർ സമുദായാംഗങ്ങൾ ചങ്ങനാശ്ശേരിയിൽ ഒത്തുചേരുമ്പോൾ കേരളത്തിലെ വി.ഡി. സതീശൻ സർക്കാർ ഞങ്ങളുടേതല്ല എന്ന അവരുടെ അപകർഷതാബോധത്തിന് അന്ത്യം കുറിക്കപ്പെടുകയാണ്. മന്നത്തിനെ സാക്ഷിനിർത്തി കേരളത്തോട് പറയുവാനുള്ള സന്ദേശം ഇതായിരിക്കട്ടെ എന്ന് ഞാൻ പ്രത്യാശിക്കുന്നു.

കെ. മുരളീധരനോട് പശ്ചാത്താപ പരിഹാരം

2011 ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിനു പകരം ആരോഗ്യമന്ത്രിയാകേണ്ട കെ. മുരളീധരൻ വി.ഡി. സതീശൻ മന്ത്രിസഭയിലെ ആരോഗ്യമന്ത്രിയായി മന്നം ജയന്തി സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനോടൊപ്പം ചങ്ങനാശ്ശേരിയിലെ പെരുന്നയിലെത്തുന്നു. ക്ഷണം എൻ.എസ്.എസിന്റെ ഔദാര്യമാണെങ്കിലും കെ. മുരളീധരന്റെ മനസ്സിൽ ഒരു മധുര പ്രതികാരത്തിന്റെ ലക്ഷണം കാണും.

ലോക്‌സഭയിലേക്ക് തോറ്റ ശിവകുമാറിന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി കൊടുത്ത രണ്ടുവാക്കും തെറ്റി. ആദ്യം 2005 ൽ എ.കെ. ആന്റണി രാജ്യസഭ വഴി ദൽഹിക്കുപോയി. അന്ന് മദ്ധ്യസ്ഥൻ പ്രൊഫ. പി.ജെ.കുര്യനാണ് ആന്റണിക്കുവേണ്ടി സംസാരിച്ചത്. എ.കെ. ആന്റണി കൂടി ശുപാർശ ചെയ്തിട്ടും 2009 ൽ സീറ്റ് ശശി തരൂർ കൊണ്ടുപോയി. ശശി തരൂരിന് എം.പി സ്ഥാനത്തോടൊപ്പം ഒരു വിളിപ്പേര് കിട്ടി. ദൽഹി നായർ. ഒരുപാട് ആടികളിച്ചെങ്കിലും തരൂർ 29 ലും വരും. പക്ഷേ 2009 ലെയും 14 ലെയും 19 ലെയും 24 ലെയും മതിപ്പ് തിരുവനന്തപുരത്തിനില്ല.
2011 ൽ ശിവകുമാർ പിടിമുറുക്കിയപ്പോൾ അയഞ്ഞുകൊടുത്തതിൽ കെ. മുരളീധരനോട് പശ്ചാത്തപിക്കുന്ന എൻ.എസ്.എസ്  നേതൃത്വം തെറ്റുതിരുത്തുകയാണിവിടെ.

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ചേർന്ന് വി.ഡി. സതീശന് ധനകാര്യമന്ത്രിസ്ഥാനം ഉറപ്പുകൊടുത്തിരുന്നു. കുറുപ്പിന്റെ ഉറപ്പായി അതിനെക്കണ്ട സതീശൻ കേരളത്തിന്റെ ഭരണത്തലവനായി നായർ കോട്ടയുടെ നായകനായി പെരുന്നയിലെത്തുന്നു. യു.ഡി.എഫ് കൺവീനറുടെ പിന്തുണയില്ല. പക്ഷേ ടീം ഒപ്പമുണ്ട്

എൻ.എസ്.എസിന്റെ പരിപാടിയിൽ എല്ലാവരും രാഷ്ട്രീയവും ജാതിയും കാരണം മന്നം സാമൂഹ്യ സേവകനും രാഷ്ട്രീയക്കാരനും ആയിരുന്നു. പക്ഷേ ശിവഗിരിക്കും ഗുരുസ്വാമിക്കും ഒരു ആത്മീയ പരിവേഷവും ഉണ്ട്. എസ്.എൻ.ഡി.പിയിൽ എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും അവയെ ഒക്കെ തള്ളുന്ന ഐക്യത്തിന്റെ പോയിന്റ് ആണ് ഗുരുസ്വാമികളുടെയും ശിവഗിരിയുടെയും ആത്മീയ പരിവേഷം.
എന്നാൽ നായർ സമുദായത്തിന് ഒരു ആത്മീയ പരിഷ്‌കർത്താവില്ല. ചട്ടമ്പിസ്വാമികളെപ്പോലെ നമ്മളോടൊപ്പം മാർഗ്ഗദർശിയായ ഒരു സന്യാസിവര്യൻ ഉണ്ടെന്ന് നാം തിരിച്ചറിഞ്ഞില്ല എന്ന് മന്നം തന്നെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. നായന്മാരിൽ കൂടുതലും പന്മനയിലും വള്ളിക്കാവിലുമാണ് പോകുന്നത്. രാഷ്ട്രീയ നായന്മാർ ശിവഗിരിയിലും. ശാശ്വതീകാനന്ദ സ്വാമിയുടെ കാലത്ത് സർക്കാരുകൾക്ക് പ്രമുഖൻ സ്വാമിയായിരുന്നു.

അടൂർ പ്രകാശിനെക്കാൾ എത്രയോ പ്രമുഖനായിരുന്നു കെ. ശങ്കരനാരായണൻ സാർ. കേരളത്തിൽ ധനകാര്യമന്ത്രിവരെയായി. ആന്റണി 2004 ൽ മുഖ്യമന്ത്രിയായി നിർദ്ദേശിച്ചത് കെ. ശങ്കരനാരായണന്റെ പേരായിരുന്നു. ഇൻഡ്യയിലെ ഏറ്റവും വലിയ വ്യവസായിക സംസ്ഥാനമായ മഹാരാഷ്ട്രയുടെ ഗവർണ്ണറായിരുന്നു അദ്ദേഹം. യു.ഡി.എഫ് കൺവീനറായിരുന്ന കെ. ശങ്കരനാരായണൻ സാറിന്റെ ആസ്ഥാനം മുഖ്യമന്ത്രി കെ. കരുണാകരൻ സാറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അപ്പുക്കുട്ടൻ നമ്പ്യാരുടെ മുറിയായിരുന്നു. എ.കെ. ആന്റണി രാജിവച്ച ശേഷമാണ് വീണ്ടും യു.ഡി.എഫ് കൺവീനറായ കെ. ശങ്കരനാരായണൻ സാറിന് പി.പി. തങ്കച്ചൻ സ്പീക്കറായി വന്നപ്പോൾ എം.എൽ.എ ക്വാർട്ടേഴ്‌സ് ന്യൂബ്ലോക്കിൽ ഒരു മുറി അനുവദിച്ചുകൊടുത്തു. വി.ഡി.സതീശൻ യു.ഡി.എഫ് കൺവീനർ എന്നുപറഞ്ഞിട്ടില്ല. യു.ഡി.എഫ് ടീം എന്നേ പറഞ്ഞിട്ടുള്ളൂ. മുഖ്യമന്ത്രിയുടെ എൻ.എസ്.എസിലെ പരിപാടിക്കുപോലും യു.ഡി.എഫ് ടീമിന്റെ അംഗീകാരം നേടിയിട്ടുണ്ട്.

യു.ഡി.എഫ് മന്ത്രിമാരും കെ.പി.സി.സി പ്രസിഡന്റും പ്രവർത്തക സമിതിയംഗവും വർക്കിംഗ് പ്രസിഡന്റുമാരും അടങ്ങുന്ന ഇതുപോലൊരു സമ്പൂർണ്ണ മന്ത്രിസഭ ഇതിന് മുമ്പ് ഇൻഡ്യയിലോ അല്ല കേരളത്തിൽ തന്നെയുണ്ടായിട്ടുണ്ടോ. ഇനി കൂടിയാലോചിക്കാൻ എന്തുണ്ട് ബാക്കി.
യു.ഡി.എഫ് കൺവീനർ സ്ഥാനം രാഷ്ട്രീയത്തിലെ ഒരു പീഡനകാലമാണ്. അടൂർപ്രകാശിനെ സംബന്ധിച്ചിടത്തോളം ആറ്റിങ്ങലിലെ എം.പി സ്ഥാനം ഒരു നൂൽപ്പാല വിജയമായിരുന്നു.

ക്രിസ്ത്യൻ സഭകൾ സുരക്ഷിതം

മന്നത്തിന്റെ കാലം മുതലേ കോൺഗ്രസിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ ഒരു ധാരണയുണ്ടായിരുന്നു. നായരുടെ പേര് ക്രിസ്ത്യാനികളും ക്രിസ്ത്യാനിയുടെ പേര് എൻ.എസ്.എസും പറയും. 2011 ന് മുമ്പ് കോൺഗ്രസ്സ് ഹൈക്കമാന്റിന്റെ ദൂതനായി പ്രവർത്തകസമിതി അംഗവും മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയുമായിരുന്ന വിലാസ്‌റാവു ദേശ്മുഖ് വന്നപ്പോൾ മുഖ്യമന്ത്രിസ്ഥാനം ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്ക് ഡെപ്യൂട്ടി മുഖ്യമന്ത്രി റാങ്കിലുള്ള താക്കോൽസ്ഥാനവും എന്ന നിർദ്ദേശമാണ് എൻ.എസ്.എസ്  നേതൃത്വം മുന്നോട്ടുവച്ചത്. പട്ടം താണുപിള്ള പഞ്ചാബ് ഗവർണ്ണറായപ്പോൾ മുഖ്യമന്ത്രിയായി ആർ.ശങ്കർ വന്നപ്പോൾ മന്നവും പി.ടി. ചാക്കോയുടെ നേതൃത്വത്തിൽ ആദ്യം എതിർത്തു. പിന്നെ അവിശ്വാസ പ്രമേയം വഴി സർക്കാരിനെ പുറത്താക്കി. പിന്നാലെ മന്നവും ക്രിസ്ത്യൻ സഭകളും ചേർന്ന് കേരളാകോൺഗ്രസ് ഉണ്ടാക്കി.

ക്രിസ്ത്യൻ സഭകൾ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്, കോട്ടയം ദേവലോകം അരമന, എറണാകുളം ആലഞ്ചേരി തിരുമേനി, തൃശൂരിലെ കുന്നംകുളം ബിഷപ്പിന്റെ പിൻമുറക്കാർ, കോഴിക്കോട്ടെ പാംപ്ലാനി തിരുമേനി ഇവരെല്ലാം തൃപ്തരാണ്. കാരണം കോൺഗ്രസ് ഭരിക്കുന്നത് സാധുക്രിസ്ത്യാനി സണ്ണിജോസഫാണ്. സഭകളുടെ വിശ്വസ്തൻ. കൂടാതെ നായരും സഭയോടു വിധേയനായ മുഖ്യമന്ത്രി. പിന്നെ മന്ത്രി എ.പി. അനിൽകുമാറിനെപ്പറ്റിയുള്ള പാംപ്ലാനി ബിഷപ്പിന്റെ പ്രസംഗം കേട്ടില്ലേ?
പിന്നെ മുഖ്യമന്ത്രിയെ എങ്ങനെയാണ് ഒറ്റപ്പെടുത്തുക?

എൽ.ഡി.എഫ് കൺവീനറെക്കാൾ മെച്ചപ്പെട്ട സ്ഥിതി യു.ഡി.എഫിലുണ്ട്

കെ. ശങ്കരനാരായണൻ സാറിന്റെ കാര്യങ്ങൾ പറഞ്ഞെങ്കിലും കെ. കരുണാകരന്റേയും എ.കെ. ആന്റണിയുടെയും പ്രധാന മീഡിയേറ്റർ ശങ്കരനാരായണൻ തന്നെയായിരുന്നു. പഴയ സംഘടനാ കോൺഗ്രസിന്റെ നേതാവായിരുന്ന അദ്ദേഹത്തിന് തമിഴ്‌നാട്ടിലെ ജി.കെ. മൂപ്പനാർക്കുള്ള സ്ഥാനമാണ് കെ. കാമരാജ് നൽകിയിരുന്നത്. അത്രയും വലിപ്പമൊത്ത കൺവീനർമാർ പിന്നെ ഉണ്ടായിട്ടില്ല. അടൂർ പ്രകാശ് ഇപ്പോൾ എം.പിയാണ്. മുൻമന്ത്രിയാണ്. അസംബ്ലിയിൽ മത്സരിക്കാനും മന്ത്രിയാകാനും കൊതിച്ചിരുന്നു. പുഴ ഇഴഞ്ഞത് അതുപോലെ വരുമോ, ഇല്ല. കെ സുധാകരനേക്കാൾ വീര്യം കുറവാണെങ്കിലും സീനിയർ ആണ്. ഈഴവ സമുദായത്തിൽ. കുടുംബപരമായി തന്നെ സ്വാധീനമുണ്ട്.

പണ്ടൊക്കെ എൽ.ഡി.എഫ് കൺവീനർമാർ പ്രമാണിമാർ ആയിരുന്നു. പിന്നെ ചാത്തുണ്ണി മാസ്റ്റർ, പി.വി. കുഞ്ഞിക്കണ്ണൻ, എം.എം. ലോറൻസ്, വി.എസ്. അച്യുതാനന്ദൻ, വൈക്കം വിശ്വൻ എന്നിവർ കൺവീനർമാരായി. 

പി.വിക്ക് പാർട്ടിയിലും ജീവിതത്തിലും തോൽവി പറ്റി. അവസാനം ആരോഗ്യമന്ത്രിയായിരുന്ന എ.സി. ഷൺമുഖദാസ് അനുവദിച്ചുകൊടുത്ത ഔഷധിയുടെ നാട്ടിലെ ഒരു ഏജൻസിയായിരുന്നു പി.വിയുടെ ആശ്രയം.
പിണറായി മുഖ്യമന്ത്രിയായതിന് ശേഷം കൺവീനറന്മാരുടെ നിലവാരം തന്നെ കുറച്ചു. വൈക്കം വിശ്വൻ സ്വരം നന്നായിരുന്നപ്പോൾ തലേന്ന് പാട്ട് നിർത്തി. പിന്നെ വന്ന ഇ.പി. ജയരാജനും.

എല്ലാം പിണറായിയുടെ കീഴാളരായിരുന്നു. എന്തായാലും അതിനേക്കാൾ വില അടൂർ പ്രകാശിന് യു.ഡി.എഫിൽ കിട്ടുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img