
സംസ്ഥാന സർക്കാരിനോട് അടുക്കുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് എൻഎസ്എസ് പ്രതിനിധി സഭയുടെ പൂർണ പിന്തുണ. പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് നടന്ന പൊതുയോഗത്തിൽ വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് സമുദായ നേതൃത്വം സ്വീകരിച്ച നിലപാടിന് പിന്നിലെ വസ്തുതകൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അക്കമിട്ട് പറഞ്ഞു. വിശ്വാസസംരക്ഷണത്തിൽ സർക്കാർ സ്വീകരിച്ച നിലപാട് തൃപ്തികരമാണെന്ന് സുകുമാരൻ നായർ പറഞ്ഞു. തുടർന്നാണ് ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം പ്രതിനിധിസഭയെ അറിയിച്ചു.
എൻഎസ്എസിന്റെ നിലപാടിനെ കോൺഗ്രസും ബിജെപിയും രാഷ്ട്രീയപരമായി മുതലടുപ്പുനടത്താൻ ഉപയോഗിക്കുന്നത് അംഗീകരിക്കില്ലെന്നും അതിന് ആരെയും അനുവദിക്കില്ലെന്നും സുകുമാരൻനായർ പറഞ്ഞു. വിശ്വാസസംരക്ഷണ വിഷയത്തിൽ ഞാൻ ആരെയും ചർച്ചയ്ക്ക് വിളിച്ചിട്ടില്ല. ഇക്കാര്യം പറയാൻ ബിജെപി കോൺഗ്രസ് നേതാക്കൾ ഇങ്ങോട്ട് വരേണ്ട. വേറെ കാര്യങ്ങൾക്കായി വേണമെങ്കിൽ വരാം. ഒരു രാഷ്ട്രീയപ്പാർട്ടിയുടെ കൂടെയും സംഘടനയില്ല. എൻഎസ്എസിന്റെ സമദൂരനിലപാടിൽ ഒരുശരിദൂരമുണ്ട്. അതാണ് വിശ്വാസസംരക്ഷണവിഷയത്തിൽ ഇപ്പോൾ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.











