
മുംബൈ: ഓഹരി വിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും നേട്ടം സ്വന്തമാക്കി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ). വ്യാഴാഴ്ച വ്യാപാരത്തിനിടെ ഓഹരി വില 3.5 ശതമാനം ഉയർന്ന് പുതിയ റെക്കോർഡ് നിലവാരത്തിലെത്തി. ഇതോടെ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റോക്ക് എക്സ്ചേഞ്ചായി എൻഎസ്ഇ മാറി. ജർമനിയിലെ ഡോയ്ഷെ ബോഴ്സിനെയും ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിനെയും മറികടന്നാണ് ഈ നേട്ടം.
വിപണിമൂല്യം ആറുലക്ഷം കോടി രൂപയിലേക്ക്
വ്യാഴാഴ്ച 2,317.65 രൂപയിൽ വ്യാപാരം ആരംഭിച്ച എൻഎസ്ഇ ഓഹരികൾ 3.5 ശതമാനം ഉയർന്ന് ഇൻട്രാഡേ വ്യാപാരത്തിൽ 2,400 രൂപയിലെത്തി. ഇതോടെ എക്സ്ചേഞ്ച് ഓപ്പറേറ്ററുടെ വിപണിമൂല്യം ആറുലക്ഷം കോടി രൂപയോട് അടുത്തെത്തി. ഏകദേശം 64.1 ബില്യൺ ഡോളറാണ് നിലവിലെ വിപണിമൂല്യം.
63.4 ബില്യൺ ഡോളർ വിപണിമൂല്യമുള്ള ഡോയ്ഷെ ബോഴ്സിനെയും 62.4 ബില്യൺ ഡോളർ മൂല്യമുള്ള ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിനെയുമാണ് എൻഎസ്ഇ പിന്നിലാക്കിയത്.
111.6 ബില്യൺ ഡോളർ മൂല്യമുള്ള സിഎംഇ ഗ്രൂപ്പും 99.4 ബില്യൺ ഡോളർ മൂല്യമുള്ള ഇന്റർകോണ്ടിനെന്റൽ എക്സ്ചേഞ്ചുമാണ് (ഐസിഇ) ആഗോള പട്ടികയിൽ എൻഎസ്ഇയ്ക്ക് മുന്നിലുള്ളത്.
നവംബറിൽ ഇതുവരെ നടന്ന 18 വ്യാപാര സെഷനുകളിൽ 14 ദിവസവും എൻഎസ്ഇ ഓഹരികൾ നേട്ടത്തിലാണ് അവസാനിച്ചത്. ലിസ്റ്റിങ്ങിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമായ 1,640 രൂപയിൽനിന്ന് ഓഹരി വിലയിൽ ഏകദേശം 50 ശതമാനത്തിന്റെ വീണ്ടെടുപ്പുണ്ടായി. 1,785 രൂപയായിരുന്നു ഐപിഒ വില. ഒക്ടോബറിലും ഓഹരി ഏകദേശം 34 ശതമാനം നേട്ടമുണ്ടാക്കിയിരുന്നു.
ഇഷ്യൂ വിലയേക്കാൾ 35 ശതമാനം ഉയർന്ന് ഓഹരി
വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെ എൻഎസ്ഇ ഓഹരികൾ 2.62 ശതമാനം ഉയർന്ന് 2,378.40 രൂപയിലാണ് വ്യാപാരം നടത്തിയത്. ഐപിഒയിലെ ഇഷ്യൂ വിലയായ 1,785 രൂപയേക്കാൾ ഏകദേശം 35 ശതമാനം ഉയർന്ന നിലയിലാണ് ഇപ്പോൾ ഓഹരി.
എച്ച്എസ്ബിസിയുടെ നിലപാട് 'ഹോൾഡ്'; ലക്ഷ്യവില 2,300 രൂപ
ബ്രോക്കറേജ് സ്ഥാപനമായ എച്ച്എസ്ബിസി എൻഎസ്ഇ ഓഹരികളെക്കുറിച്ചുള്ള പഠനം ആരംഭിച്ചതിനു പിന്നാലെയാണ് ഓഹരിയിൽ പുതിയ മുന്നേറ്റമുണ്ടായത്. 'ഹോൾഡ്' റേറ്റിങ്ങാണ് സ്ഥാപനം നൽകിയിരിക്കുന്നത്. ഓഹരിയുടെ ലക്ഷ്യവില 2,300 രൂപയായും നിശ്ചയിച്ചു.
എൻഎസ്ഇയുടെ ശക്തമായ വിപണി സാന്നിധ്യവും വളർച്ചാ സാധ്യതകളും എച്ച്എസ്ബിസി അംഗീകരിക്കുന്നുണ്ട്. എന്നാൽ ഭാവിയിലെ വളർച്ചാ സാധ്യതകളിൽ ഭൂരിഭാഗവും നിലവിലെ ഓഹരി വിലയിൽ ഇതിനകം പ്രതിഫലിച്ചിട്ടുണ്ടെന്നാണ് ബ്രോക്കറേജിന്റെ വിലയിരുത്തൽ.
സെപ്റ്റംബറിലെ ഓഹരി വിപണി അരങ്ങേറ്റത്തിനുശേഷം എൻഎസ്ഇ ഓഹരികൾ വലിയ മുന്നേറ്റമാണ് നടത്തിയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ പത്ത് ലിസ്റ്റഡ് കമ്പനികളുടെ പട്ടികയിലും എൻഎസ്ഇ ഇടംപിടിച്ചു. കഴിഞ്ഞ ദിവസത്തെ വ്യാപാരമവസാനിക്കുമ്പോൾ 5.91 ലക്ഷം കോടി രൂപയായിരുന്നു വിപണിമൂല്യം. എൽ ആൻഡ് ടി, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി), ഇൻഫോസിസ് തുടങ്ങിയ വൻകിട കമ്പനികളെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ഒമ്പതാമത്തെ ലിസ്റ്റഡ് കമ്പനിയായി എൻഎസ്ഇ മാറിയിരുന്നു.
എൻഎസ്ഇ ഓഹരികളെ പിന്തുടരുന്ന 17 അനലിസ്റ്റുകളും ഇതുവരെ 'ബൈ' ശുപാർശ നൽകിയിരുന്നു. എന്നാൽ എച്ച്എസ്ബിസി 'ഹോൾഡ്' റേറ്റിങ് നൽകിയതോടെ ഓഹരിക്ക് ആദ്യമായി ഒരു നിഷ്പക്ഷ ശുപാർശ ലഭിച്ചു.
ഇതിനിടെ, ഐസിഐസിഐ സെക്യൂരിറ്റീസ് ഈ ആഴ്ച എൻഎസ്ഇ ഓഹരികൾക്ക് 'ബൈ' റേറ്റിങ് നൽകി പഠനം ആരംഭിച്ചിരുന്നു. 2,650 രൂപയാണ് ലക്ഷ്യവിലയായി നിശ്ചയിച്ചത്. നിലവിലെ വിലയിൽനിന്ന് 20 ശതമാനം വരെ നേട്ടത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.










