
ദോഹ: ഖത്തർ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (CRA) ഉപഭോക്തൃ സംരക്ഷണത്തിനും വ്യാജ കോളുകൾ തടയാൻ ‘കോളർ നെയിം പ്രെസന്റേഷൻ’ (CNAP) സേവനം ആരംഭിച്ചു.
ഉരിദു ഖത്തറും വോഡാഫോൺ ഖത്തറുമായും സഹകരിച്ചാണ് ആദ്യഘട്ടം നടപ്പാക്കുന്നത്.
പുതിയ സംവിധാനത്തിലൂടെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് വരുന്ന കോൾകളിൽ, കോൾ സ്വീകരിക്കുന്നവർക്ക് വിളിക്കുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക പേര് നമ്പറിനൊപ്പം കാണാനാകും.
ഉപഭോക്താക്കളുടെ വിശ്വാസം വർധിപ്പിക്കുകയും, സുരക്ഷിതമായ ടെലികമ്മ്യൂണിക്കേഷൻ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്യാനാണ് ഈ പദ്ധതിയെന്ന്CRA പ്രസിഡന്റ് എഞ്ചിനീയർ അഹ്‌മദ് ബിൻ അബ്ദുള്ള അൽ മുസ്‌ലിമാനി പറഞ്ഞു.
സേവനം പ്രഥമഘട്ടത്തിൽ ഫിക്‌സ്‌ഡ് ലൈൻ നമ്പറുകൾക്കായാണ് ലഭിക്കുക. രണ്ടാംഘട്ടത്തിൽ ഇത് സ്ഥാപനങ്ങളുടെ മൊബൈൽ നമ്പറുകളിലേക്കും വ്യാപിപ്പിക്കും.











