07:05am 13 November 2026
NEWS
​മലയാളിയാണെന്ന് തെളിയിക്കാൻ ഇനി ‘നേറ്റിവിറ്റി കാർഡ്’: വരുന്നു പുതിയ നിയമം; അറിയേണ്ടതെല്ലാം
23/01/2026  10:33 AM IST
സുരേഷ് വണ്ടന്നൂർ
​മലയാളിയാണെന്ന് തെളിയിക്കാൻ ഇനി ‘നേറ്റിവിറ്റി കാർഡ്’: വരുന്നു പുതിയ നിയമം; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: സംസ്ഥാനത്ത് ജനിച്ചവരും വളർന്നവരും ആയ വ്യക്തികൾക്ക് തങ്ങൾ കേരളീയരാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ പുതിയ 'നേറ്റിവിറ്റി കാർഡ്' വരുന്നു. ഇതു സംബന്ധിച്ച ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ അവതരിപ്പിച്ചേക്കും. ആധാർ കാർഡും റേഷൻ കാർഡും പോലെ ഔദ്യോഗിക തിരിച്ചറിയൽ രേഖയായി ഈ കാർഡിനെ ഉപയോഗിക്കാൻ സാധിക്കും.

​ആർക്കൊക്കെ അപേക്ഷിക്കാം?

​കേരളത്തിന് പുറത്ത് ജനിച്ചവർക്കും നിശ്ചിത നിബന്ധനകൾക്ക് വിധേയമായി ഈ കാർഡിനായി അപേക്ഷിക്കാവുന്നതാണ്. പ്രധാനമായും രണ്ട് നിബന്ധനകളാണ് ഇതിനായി മുന്നോട്ടുവെക്കുന്നത്:
​മാതാപിതാക്കൾ രണ്ടുപേരും കേരളത്തിൽ ജനിച്ചു വളർന്നവരാണെങ്കിൽ.
​മാതാപിതാക്കളിൽ ഒരാൾ കേരളീയനും മറ്റെയാൾ പുറത്തുനിന്നുള്ള ആളുമാണെങ്കിലും, വിവാഹശേഷം ഇരുവരും കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കിൽ.

​അപേക്ഷിക്കേണ്ട രീതി

​പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ് കാർഡിനായി അപേക്ഷിക്കേണ്ടത്.
​ഇ-ഡിസ്ട്രിക്ട് പോർട്ടൽ വഴി വില്ലേജ് ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
​വില്ലേജ് ഓഫീസർ നടത്തുന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തഹസീൽദാരാണ് കാർഡ് അനുവദിക്കുന്നത്.

​പരാതികൾ ഉണ്ടെങ്കിൽ?

​തഹസീൽദാർ കാർഡ് അനുവദിക്കാതിരിക്കുകയോ അല്ലെങ്കിൽ അനുവദിച്ചതിനെതിരെ ആർക്കെങ്കിലും ആക്ഷേപമുണ്ടാവുകയോ ചെയ്താൽ അപ്പീൽ നൽകാൻ സംവിധാനമുണ്ട്.

​ആദ്യ അപ്പീൽ:

 ആർ.ഡി.ഒ (RDO)-യ്ക്ക് നൽകാം.
​ആർ.ഡി.ഒയുടെ തീരുമാനത്തിൽ തൃപ്തരല്ലെങ്കിൽ ജില്ലാ കളക്ടർക്ക് റിവിഷൻ ഹർജി നൽകാവുന്നതാണ്.
​കാർഡിലെ വിവരങ്ങൾ
​ഫോട്ടോ പതിച്ച ഈ കാർഡിൽ അപേക്ഷകന്റെ പേര്, ജനിച്ച വർഷം, സ്വദേശി പദവി, മാതാപിതാക്കളുടെ പേര്, സ്ഥിരമേൽവിലാസം എന്നിവയുണ്ടാകും. ആവശ്യമായ പക്ഷം റേഷൻ കാർഡ്, ആധാർ, ഇലക്ഷൻ ഐഡി നമ്പറുകളും ഇതിൽ ചേർക്കാം.

​പ്രധാന ഗുണങ്ങൾ

​സുരക്ഷിതത്വം
ജനനവും സ്ഥിരമേൽവിലാസവും സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതോടെ വ്യക്തികൾക്ക് കൂടുതൽ സുരക്ഷിതത്വം ലഭിക്കുന്നു.

​തിരിച്ചറിയൽ രേഖ: സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങൾക്ക് ഗുണഭോക്തൃ തിരിച്ചറിയൽ രേഖയായി ഈ കാർഡ് ഉപയോഗിക്കാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img