
കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദാ ഖാതൂൺ എന്ന സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുംകുറ്റവാളിയാണ് സൈദാ ഖാതൂൺ. സർക്കാർ ഇവരുടെ തലക്ക് 15,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ലഹരിവസ്തുക്കളുടെ കള്ളക്കടത്തിനെതിരെയുള്ള പോരാട്ടത്തിൽ നിർണായക നീക്കമാണ് ഇവരുടെ അറസ്റ്റ്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ഓപ്പറേഷനിൽ ബിഹാറിലെ ഇന്ത്യാ-നേപ്പാൾ അതിർത്തിക്കടുത്തുള്ള റക്‌സോൾ ഗ്രാമത്തിൽവെച്ചാണ് വെള്ളിയാഴ്ച ഇവർ പിടിയിലായത്. ലഹരിക്കടത്ത് സംഘങ്ങളെ ഏകോപിപ്പിച്ച് ഒരു സിൻഡിക്കേറ്റായി പ്രവർത്തിച്ച് വരികയായിരുന്നു ഖാതൂൺ. ഭർത്താവ് നയീം മിയാനുമായി ചേർന്നാണ് ഇവർ കള്ളക്കടത്ത് നടത്തിയിരുന്നത്. അതിർത്തി കടത്തി കൊണ്ടുവരുന്ന ലഹരിവസ്തുക്കൾ റക്‌സോളിൽ നിന്നും ഡൽഹിയിലേക്കാണ് ഇവർ കടത്തിയിരുന്നത്.
'ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് ഖാതൂണിനെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. കുറച്ചധികം നാളുകളായി പോലീസിനെ വട്ടംകറക്കുകയായിരുന്നു അവർ. ഖാതൂണിന്റെ അറസ്റ്റ് ഈ മേഖലയിലെ ലഹരിക്കടത്ത് സംഘങ്ങളെയാകെ ഭയത്തിലാക്കിയിട്ടുണ്ട്,' ഹരെയ്യ പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ കിഷൻ കുമാർ പസ്‌വാൻ പറഞ്ഞു.











