
ചെങ്ങന്നൂർ: ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രികരിച്ചു യാത്രക്കാരുടെ ബാഗുകൾ തന്ത്രപരമായി മോഷ്ടിക്കുന്ന കുപ്രസിദ്ധ മോഷ്ടാവ് ബോസ് ജിത്തു എന്ന വിഷ്ണു (22) ചെങ്ങന്നൂരിനടുത്ത് കുളനടയിൽ പിടിയിലായി. ജനുവരി 4ാം തീയതി ഒറ്റപ്പാലത്തിനും പാലക്കാടിനുമിടയിൽ അമൃത ട്രെയിനിൽ നടന്ന ഒരു മോഷണത്തിൻ്റെ അന്വേഷണത്തിലാണ് പ്രതിയെ ആർ പി എഫ് തിരുവനന്തപുരം ക്രൈം ഇൻ്റെലിജൻസ് ബ്രാഞ്ച് സാഹസികമായി പിടികൂടിയത്.
പ്രതിയുടെ കയ്യിൽ നിന്നും 9 പവൻ സ്വർണ്ണാഭരണങ്ങൾ, ഒരു ലാപ്ടോപ് , 3 മൊബൈൽ ഫോണുകൾ മുതലായ 10 ലക്ഷത്തിൽ പരം രൂപയുടെ മുതലുകൾ കണ്ടെടുത്തു. മോഷ്ടിക്കുന്ന മുതലുകൾ കുറഞ്ഞ വിലയിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് മറിച്ച് വിൽക്കുന്നതാണ് പ്രതിയുടെ രീതി. രാത്രി കാലങ്ങളിൽ മോഷണത്തിനായി പുറത്തിറങ്ങുന്ന പ്രതി ആൾതാമസമില്ലാത്ത വീടുകൾ തിരഞ്ഞ് പിടിച്ച് പകൽ സമയം ചിലവഴിക്കും. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി കുടുംബവുമായി യാതൊരു ബന്ധവുമില്ല.. മാസ്ക് ധരിച്ച് ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് ബാഗുകൾ മോഷ്ടിച്ചെടുക്കുകയും വില പിടിപ്പുള്ള സാധനങ്ങൾ മാത്രം എടുത്ത ശേഷം ബാഗുകൾ ഉപേക്ഷിച്ചശേഷം കടന്നുകളയുകയും ചെയ്യുന്നതാണ് ഇയാളുടെ പതിവ്.. മോഷണവസ്ഥുക്കൾവിറ്റുകിട്ടുന്ന പണം ആഡംബര ജീവിതത്തിനും, രാസലഹരി വാങ്ങുന്നതിനുമായി ഉപയോഗിക്കും.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള അനേക കേസ്സുകൾ ഇയാൾക്കുണ്ട്. ആർ പി എഫ് ഡിവിഷണൽ കമ്മീഷണർമാരായ മുഹമ്മദ് ഹനീഫ, കമ്മീഷണർ നവീൺ പ്രശാന്ത് എന്നിവരുടെ പ്രത്യേക നിർദ്ദേശത്താൽ തിരുവനന്തപുരംക്രൈം ഇൻ്റലിജൻസ് ഇൻസ്പെക്ടർ ജിപിൻ ഏ ജെ , ജി പി ആർ എസ് ഐ പ്രവീൺ കെ ജെ , സബ് ഇൻസ്പെക്ടർമാരായ പ്രെയ്സ് മാത്യു ദീപക്,
ഫിലിപ്സ് ജോൺ, ജ്ഞാനാനന്ദ് ഹെഡ് കോൺസ്റ്റബിൾമാരായ ജോസ് എസ് വി ,വിപിൻ ജി ,സവിൻ, ബാബു, പ്രവീൺ, ശ്രീഹരി എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ നാടകീയമായി പിടികൂടിയത്. തുടർ നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും











