
റെയിൽവേ സ്റ്റേഷനുകളും, തിരക്കുള്ള ബസ് സ്റ്റാൻൻ്റുകളും കേന്ദ്രീകരിച്ചു മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് ചാൻ മുഹമ്മദ്(27) കൊല്ലത്ത് ആർ പി എഫിൻ്റെപിടിയിലായി. പശ്ചിമ ബംഗാളിലെ ഉത്തർദിനാജ് പൂർ സ്വദേശിയാണ്. മോഷണമൊബൈൽ പ്രതിയുടെ കൈയിൽ കണ്ടെടുത്തു.
കൊല്ലത്തു നിന്നും പുറപ്പെടുകയായിരുന്നു കുർള എക്സ്പ്രസ്സിൻ്റെ ജനറൽ കോച്ചിൽ യാത്ര ചെയ്ത അനീഷ് എന്ന യാത്രക്കാരൻ്റെ പരാതിയിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. മോഷണത്തിനായി കൊല്ലത്ത് ഇന്ന് രാവിലെ വീണ്ടും എത്തിയ പ്രതിയെ തൊണ്ടിമുതലോടെ ആർ പി എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും, ജി ആർ പിയും ചേർന്ന് സാഹസികമായി പിടികൂടുകയായിരുന്നു.തിരക്കുള്ള ട്രെയിനുകളിൽ കയറുന്ന സ്ത്രീകളുടെ ബാഗിൽ നിന്നും മൊബൈലുകൾ അടിച്ചുമാറ്റുകയും യാത്രക്കാർക്കൊപ്പം ജനറൽ കോച്ചിൽ പ്രവേശിക്കുന്ന ഇയാൾ യാത്രക്കാർ മുഴുവൻ കയറിയ ശേഷം ട്രെയിനിൽനിന്ന് അതിവേഗം പുറത്തിറങ്ങി റെയിൽവേ സ്റ്റേഷൻ വിട്ട് പുറത്തു പോകും. മോഷ്ടിക്കുന്ന മൊബൈലുകൾ കുറഞ്ഞ വിലയിൽ വഴിവക്കിൽ ജോലിക്കായി കാത്തു നിൽക്കുന്ന അതിഥിതൊഴിലാളികൾക്ക് വിറ്റ് ലഭിക്കുന്ന തുക രാസലഹരിപദാർത്ഥം വാങ്ങി ഉപയോഗിക്കുന്ന ഇയാൾ കൊല്ലം, ഉമയനല്ലൂർ പ്രദേശങ്ങളിൽ ഉള്ള കടത്തിണ്ണകളിൽ അന്തിയുറങ്ങി വീണ്ടും മോഷണത്തിനായി തയ്യാറെടുക്കുന്നു.
കഴിഞ്ഞ രാത്രിയിൽ സമാന സംഭവം നടത്തിയതിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ വ്യക്തമായി പ്രതിയെ മനസ്സിലാവുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്യുകയായിരുന്നു. സമാന രീതിയിൽ മോഷണം നടത്തുന്ന ബംഗാൾ സ്വദേശി ആസാദിമിയ കഴിഞ്ഞ ദിവസം ക്രൈം ഇൻറെലിജൻസിൻ്റെ പിടിയിലായിരുന്നു. ആർ പി എഫ് തിരുവനന്തപുരം ഡിവിഷണൽ കമ്മീഷണർ മുഹമ്മദ് ഹനീഫയുടെ പ്രത്യേക നിർദ്ദേശത്തിൽ കൊല്ലം ഇൻസ്പെക്ടർ അനീഷ്. ടി. ആർ , കൊല്ലം ജി ആർ പി എസ് എച്ച് ഒ ശ്യാമകുമാരി, ക്രൈം ഇൻ്റെലിജൻസ് ഉദ്യോഗസ്ഥരായ പ്രൈസ് മാത്യു, ബിനു,ഫിലിപ്സ് ജോൺ, ഹെഡ് കോൺസ്റ്റബിൾമാരായ ജോസ്. എസ് വി , മധു, സനിൽ, അമൽ, കിരൺ എന്നിവർ ചേർന്ന സംഘമാണ് അതിരാവിലെ കൊല്ലത്ത് പ്ലാറ്റ്ഫോമിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിയെ നാടകീയമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.











