
കൊച്ചി: മഞ്ഞുമേൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ 14 ദിവസത്തിനകം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് നടൻ സൗബിൻ ഷാഹിറിന് നോട്ടീസ്. സിനിമയുടെ നിർമ്മാതാക്കളായ ബാബു ഷാഹിറിനും, ഷോൺ ആന്റണിക്കും പൊലീസ് നോട്ടീസ് നൽകി. മരട് പൊലീസിന്റേതാണ് നടപടി. കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
മഞ്ഞുമേൽ ബോയ്സ് എന്ന സിനിമയുടെ ലാഭവിഹിതം നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. നടൻ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സിനിമയ്ക്കായി താൻ മുടക്കിയ പണവും ലാഭവിഹിതവും തിരിച്ചുനൽകിയില്ല എന്നാണ് സിറാജ് വലിയതറയുടെ പരാതി.
എറണാകുളം മജിസ്‌ട്രേറ്റ് കോടതിയാണ് കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യാജരേഖ, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് നിർമാതാക്കൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ആഗോള തലത്തിൽ 235 കോടിയിലധികം രൂപ കളക്ട് ചെയ്ത ഇൻഡസ്ട്രി ഹിറ്റ് ചിത്രമാണ് ചിദംബരത്തിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞുമ്മൽ ബോയ്സ്. ഡിസ്നി ഹോട്ട്സ്റ്റാറാണ് സിനിമയുടെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.











