
ജറുസലം: ഇസ്രയേലിന്റെ ഏക ശക്തമായ സഖ്യകക്ഷി അമേരിക്കയാണെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ പരാമർശത്തോട് വിയോജിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. അമേരിക്കയ്ക്കു പുറമെ ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഇസ്രയേലിന് ശക്തമായ പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറാൻ നയത്തെ പ്രതിരോധിച്ച് ജൂണിൽ വാൻസ് നടത്തിയ പ്രസ്താവനകളെക്കുറിച്ച് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. വാൻസിനോട് വ്യക്തിപരമായി വലിയ ബഹുമാനമുണ്ടെങ്കിലും അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളോടും യോജിക്കാനാവില്ലെന്ന് നെതന്യാഹു പറഞ്ഞു.
"വാൻസിനെ ഞാൻ ബഹുമാനിക്കുന്നു. ഞങ്ങൾ തമ്മിൽ മികച്ച ബന്ധമാണുള്ളത്. എന്നാൽ അദ്ദേഹം പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ അംഗീകരിക്കുന്നു എന്നല്ല," നെതന്യാഹു വ്യക്തമാക്കി. ഇന്ത്യയെ പ്രത്യേകമായി പരാമർശിച്ച നെതന്യാഹു, "140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ നിന്ന് ഞങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. എന്റെ ഫേസ്ബുക്ക് പേജിൽ ഇന്ത്യയിൽ നിന്നുള്ള പിന്തുണ കാണുമ്പോൾ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്," എന്നും പറഞ്ഞു. സ്വന്തം രാജ്യങ്ങളിലെ രാഷ്ട്രീയ സമ്മർദങ്ങൾക്കിടയിലും നിരവധി സർക്കാരുകൾ സ്വകാര്യമായി ഇസ്രയേലിനെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇസ്രയേലിനോട് തുറന്ന പിന്തുണ പ്രകടിപ്പിക്കുന്ന ലോകത്തിലെ ഏക നേതാവ് ഡോണൾഡ് ട്രംപ് മാത്രമാണെന്നും, അതിനാൽ അമേരിക്കയെ പരസ്യമായി വിമർശിക്കുന്നത് ഒഴിവാക്കണമെന്നും വാൻസ് നേരത്തെ പറഞ്ഞിരുന്നു. താൻ ഇസ്രയേൽ മന്ത്രിസഭയിലെ അംഗമായിരുന്നെങ്കിൽ ഏക പ്രധാന സഖ്യകക്ഷിയായ യുഎസിനെ വിമർശിക്കില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇറാൻ വിഷയത്തിലും ലബനനിലെ സൈനിക നടപടികളുമായി ബന്ധപ്പെട്ടും അമേരിക്കയും ഇസ്രയേലും തമ്മിൽ സമീപന വ്യത്യാസങ്ങൾ തുടരുന്നതിനിടെയാണ് വാൻസിന്റെ പരാമർശങ്ങൾക്ക് മറുപടിയായി, യുഎസ് സന്ദർശനത്തിന് മുന്നോടിയായി നെതന്യാഹു ഇന്ത്യയുടെ പിന്തുണ പ്രത്യേകം എടുത്തുപറഞ്ഞത്.










