
യെലഹങ്ക (ബെംഗളൂരു) : പ്രതിരോധ സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ഇന്ത്യ പുലിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവർക്ക് തെറ്റി. ഇന്ത്യ വെറും പുലിയല്ല' പുപ്പുലി'യാണെന്ന് വേണം പറയാൻ.എയ്റോ ഇന്ത്യ 2025 ൽ ഇന്ന് പ്രദർശിപ്പിച്ച ഗവേഷണ വികസന സംഘടന (ഡിആർഡിഎ) വികസിപ്പിച്ചെടുത്ത അഡ്വാൻസ് മീഡിയം കോംപാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ ) പ്രതിരോധ, സാങ്കേതിക വിദഗ്ധരുടെ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റി.
എഎംസിഎയുടെ പൂർണ്ണതോതിലുള്ള മാതൃക ഇതാദ്യമായിട്ടാണ് എയ്റോ
ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത്. തദ്ദേശിയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത അഞ്ചാം തലമുറ (5.5) സ്റ്റീൽത്ത് പോർവിമാനമാണ് എ എം സി എ. ശത്രുക്കളുടെ റഡാറുകൾക്കും സാറ്റലൈറ്റുകൾക്കും കണ്ടുപിടിക്കാൻ സാധിക്കാത്ത വേഗതയുള്ള എഎംസി എ ആണിത്.
എയ്റോ ഇന്ത്യയിൽ ഡിആർഡി ഒ- ഇൻഡസ്ട്രി സിനർജി എന്ന വിഷയത്തിൽ ഇന്ന് നടന്ന സെമിനാറിനോട് അനുബന്ധിച്ചാണ് സ്റ്റീൽത്ത് വിമാനത്തിൻ്റെ മാതൃക പ്രദർശിപ്പിച്ചത്.ഏറ്റവും ആധുനികമായ മിസൈൽ സംവിധാനങ്ങളും റഡാറുകളും ഇതിൻ്റെ പ്രത്യേകതകളാണ്. അഞ്ചാം തലമുറ പോർ വിമാനം അതിൻ്റെ പരീക്ഷണങ്ങൾക്ക് ശേഷമാകും വ്യോമസേനയുടെ ഭാഗമാകുന്നത്. നിലവിൽ ഇതിൻ്റെ കൂടുതൽ വിവരങ്ങൾ ഡിആർഡിഒ പുറത്ത് വിട്ടിട്ടില്ല.
ഡി ആർ ഡി ഒ യുമായി ചേർന്ന് അദാനി ഡിഫൻസ് ആൻഡ് എയ്റോ സ്പെയ്സ് വികസിപ്പിച്ചെടുത്ത വെഹിക്കൾ മൗണ്ടഡ് കൗണ്ടർ ഡ്രോൺ സിസ്റ്റം സംവിധാനവും ഇതാദ്യമായി എയ്റോ ഇന്ത്യ 2025 ൽ പ്രദർശിപ്പിച്ചു. സൈനിക വാഹനങ്ങൾക്ക് മുകളിൽ ഘടിപ്പിക്കാൻ സാധിക്കുന്ന ഈ സംവിധാനം ശത്രുരാജ്യങ്ങൾ ഡ്രോൺ മുഖേന നടത്തുന്ന നീക്കങ്ങളെ ഫലപ്രദമായി തടയും. ഏറ്റവും ഫലപ്രദമായ ഹൈ എനർജി ലെയ്സറും 7.62 എം എം ഗൺ, അത്യാധുനിക റഡാർ, ഇലക്ട്രോ ഒപ്റ്റിറ്റിക്കൽ .സെൻസറുകൾ, ജാമറുകൾ എന്നിവ ഇതിൻ്റെ ഭാഗമാണ്. പൊതുമേഖലയും സ്വകാര്യ മേഖലയും സംയുക്തമായി വികസിപ്പിച്ചെടുത്ത പ്രതിരോധ സാങ്കേതിക സംവിധാനമാണിത്.
യെലഹങ്ക (ബെംഗളൂരു) യിൽ നിന്ന്
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി











