01:59am 24 August 2026
NEWS
ഹാരി ബ്രിട്ടനിലേക്ക് മടങ്ങുന്നു; നോസ്ട്രഡാമസിന്റെ പ്രവചനം വീണ്ടും ചർച്ചയിൽ
23/08/2026  10:01 AM IST
nila
ഹാരി ബ്രിട്ടനിലേക്ക് മടങ്ങുന്നു; നോസ്ട്രഡാമസിന്റെ പ്രവചനം വീണ്ടും ചർച്ചയിൽ

ലണ്ടൻ: യുഎസിലെ കലിഫോർണിയയിൽ കുടുംബത്തോടൊപ്പം കഴിയുന്ന ഹാരി രാജകുമാരൻ ബ്രിട്ടനിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നൂറ്റാണ്ടുകൾ പഴക്കമുള്ള നോസ്ട്രഡാമസിന്റെ പ്രവചനങ്ങളും വീണ്ടും ചർച്ചയാകുന്നു. ചാൾസ് മൂന്നാമൻ രാജാവ് സ്ഥാനമൊഴിയുകയും, രാജാവാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തി ബ്രിട്ടിഷ് സിംഹാസനത്തിലെത്തുകയും ചെയ്യുമെന്ന വ്യാഖ്യാനമാണ് ഇതിന് പിന്നിൽ.

1555ൽ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസ് നടത്തിയതായി പറയപ്പെടുന്ന പ്രവചനങ്ങളെ ആസ്പദമാക്കിയാണ് ഈ വിലയിരുത്തൽ. ‘നോസ്ട്രഡാമസ്: ദി കംപ്ലീറ്റ് പ്രഫസീസ് ഫോർ ദ ഫ്യൂച്ചർ’ എന്ന പുസ്തകത്തിന്റെ രചയിതാവ് മരിയോ റീഡിങ് നേരത്തെ നടത്തിയ വ്യാഖ്യാനപ്രകാരം, ‘ദ്വീപുകളുടെ രാജാവിനെ ജനങ്ങൾ പുറത്താക്കുകയും, രാജാവാകുമെന്ന് പ്രതീക്ഷിക്കാത്ത ഒരാൾ പകരം വരികയും ചെയ്യും’ എന്നാണ് പ്രവചനത്തിന്റെ ഉള്ളടക്കം.

ഈ പ്രവചനം ചാൾസ് രാജാവിനെയും ഹാരി രാജകുമാരനെയും സൂചിപ്പിക്കുന്നതാണെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. 2022ൽ എലിസബത്ത് രാജ്ഞി അന്തരിച്ചതും ബ്രിട്ടിഷ് രാജകുടുംബവുമായി ബന്ധപ്പെട്ട മറ്റു സംഭവങ്ങളും നോസ്ട്രഡാമസിന്റെ പ്രവചനങ്ങളുമായി ബന്ധപ്പെടുത്തി റീഡിങ് നേരത്തെ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. ചാൾസ് രാജാവിന് ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത സമയത്തും ഈ പ്രവചനം വലിയ ചർച്ചയായിരുന്നു.

അതേസമയം, ഹാരിയുടെ മക്കളായ ആർച്ചിയെയും ലിലിബെറ്റിനെയും ബ്രിട്ടനിലെ സ്കൂളിൽ ചേർക്കാനുള്ള തീരുമാനമാണ് ഹാരി കുടുംബസമേതം മാതൃരാജ്യത്തേക്ക് മടങ്ങുമെന്ന റിപ്പോർട്ടുകൾക്ക് ശക്തി പകർന്നത്. രാജകുടുംബത്തിലെ ആഭ്യന്തര പ്രശ്നങ്ങൾ ആത്മകഥയായ ‘സ്പെയർ’ൽ ഹാരി തുറന്നുപറഞ്ഞത് നേരത്തെ വലിയ വിവാദമായിരുന്നു.

രാജകുടുംബവുമായുള്ള ഹാരിയുടെ അകൽച്ചയും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇപ്പോഴും രാജ്യാന്തര മാധ്യമങ്ങളുടെ ശ്രദ്ധയിൽ തുടരുകയാണ്. ലണ്ടനു പുറത്തുള്ള സ്വകാര്യ വസതിയിൽ കുടുംബത്തോടൊപ്പം കഴിയാനാണ് ഹാരിയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കാൻ ഹാരിക്ക് പദ്ധതിയില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img