
ഓസ്ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെപരിഹസിക്കുന്ന തരത്തിൽ കാർട്ടൂൺ പ്രസിദ്ധീകരിച്ച് നോർവേയിലെ ദിനപത്രം. 'ആഫ്റ്റൻപോസ്റ്റൻ' എന്ന നോർവെയിലെ പ്രമുഖ ദിനപത്രത്തിലാണ് മോദിയെ ‘പാമ്പാട്ടി’യുടെ രൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ഇന്ത്യയുടെ വിദേശനയത്തെ വിലയിരുത്തിയ ലേഖനത്തിനൊപ്പമാണ് മോദിയെ ‘പാമ്പാട്ടി’യുടെ രൂപത്തിൽ ചിത്രീകരിച്ച വിവാദ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. പാമ്പിന് പകരം ഇന്ധന പമ്പിലെ പൈപ്പ് കൈയിൽ പിടിച്ചിരിക്കുന്ന തരത്തിലായിരുന്നു ചിത്രം. മോദിയുടെ നോർവേ സന്ദർശനത്തിനിടെയാണ് 'ആഫ്റ്റൻപോസ്റ്റൻ' ലേഖനവും കാർട്ടൂണും പ്രസിദ്ധീകരിച്ചത്.
പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ ഇന്നും പഴയ കൊളോണിയൽ കാഴ്ചപ്പാടിലൂടെ തന്നെയാണ് കാണുന്നതെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. “പാമ്പാട്ടികളുടെ നാട്” എന്ന പഴയ സ്റ്റീരിയോടൈപ്പിനെ വീണ്ടും ഉയർത്തിക്കാട്ടാനുള്ള ശ്രമമാണിതെന്നും നിരവധി പേർ പ്രതികരിച്ചു.
ഇതിനിടെ നോർവേ സന്ദർശനത്തിനിടെ മാധ്യമസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടുണ്ടായ മറ്റൊരു സംഭവവും ശ്രദ്ധ നേടിയിരുന്നു. നോർവേ പ്രധാനമന്ത്രി യോനാസ് ഗാഹർ സ്റ്റോറുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിന് ശേഷം, നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലിംഗ് പ്രധാനമന്ത്രി മോദിയോട് മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറാകാത്തതെന്താണെന്ന് ചോദിച്ചിരുന്നു. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശ വിഷയങ്ങളെയും കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ, ഇതിന് മറുപടി നൽകാതെ നേതാക്കൾ വേദി വിടുകയായിരുന്നു.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിഷയത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചു. പിന്നീട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്താസമ്മേളനത്തിലും ഇതേ വിഷയത്തിൽ ചോദ്യമുയർന്നപ്പോൾ ഇന്ത്യൻ നയതന്ത്രജ്ഞൻ സിബി ജോർജ്ജ് ശക്തമായി പ്രതികരിച്ചു. ഇന്ത്യയുടെ ജനാധിപത്യ സംവിധാനവും മാധ്യമ വൈവിധ്യവും ചൂണ്ടിക്കാട്ടിയ അദ്ദേഹം, പുറത്തുനിന്നുള്ള റിപ്പോർട്ടുകൾ മാത്രം ആശ്രയിച്ച് ഇന്ത്യയെ വിലയിരുത്തരുതെന്നും വ്യക്തമാക്കിയിരുന്നു.
ഇതിനിടയിലാണ് പാമ്പാട്ടി കാർട്ടൂൺ കൂടി എത്തിയത്. മുൻപ് 2014-ൽ പ്രധാനമന്ത്രി മോദി അമേരിക്കയിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ വെച്ച് നടത്തിയ പ്രസംഗത്തിൽ, ഇന്ത്യയെ പണ്ട് വിദേശികൾ 'പാമ്പാട്ടികളുടെ നാട്' എന്ന് വിളിച്ചിരുന്നുവെന്നും എന്നാൽ ഇന്നത്തെ ഇന്ത്യ കമ്പ്യൂട്ടർ മൗസ് കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന 'മൗസ് ചാർമർമാരുടെ' നാടായി മാറിയെന്നും പറഞ്ഞത് ഓർമ്മിപ്പിച്ചാണ് നെറ്റിസൺസ് നോർവേ പത്രത്തിനെതിരെ തിരിഞ്ഞത്. 'ഇന്ത്യയുടെ ജിഡിപി വളർച്ചയോടും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളോടും മത്സരിക്കാൻ കഴിയാതെ വരുമ്പോൾ പാശ്ചാത്യ മാധ്യമങ്ങൾ പുറത്തെടുക്കുന്ന അവസാനത്തെ ആയുധമാണ് ഇത്തരം വംശീയ അധിക്ഷേപങ്ങൾ' എന്ന് ഉപയോക്താക്കൾ വിമർശിച്ചു. മുൻപ് 2022-ൽ ഒരു സ്പാനിഷ് പത്രവും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ഇതേ രീതിയിൽ പാമ്പാട്ടിയുടെ ചിത്രം ഉപയോഗിച്ച് പരിഹസിച്ചിരുന്നു.










