
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു. കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഈ മൺസൂൺ സീസണിലെ ആദ്യ റെഡ് അലർട്ട് നാളെ അഞ്ച് വടക്കൻ ജില്ലകളിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ ഇടുക്കി, തൃശൂർ, എറണാകുളം, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഞ്ഞ അലർട്ടും നിലവിലുണ്ടാകും.
കനത്ത മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കോട്ടയം അമ്മൻചേരിയിൽ പുലർച്ചെയുണ്ടായ ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. കാഞ്ഞിരംകാല സ്വദേശി ബിനോയ് മാത്യുവിന്റെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ഭാര്യ ടിനുവിനും മക്കളായ എബിൾ, ബ്രയാൻ എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, കോഴിക്കോട് നഗരത്തിൽ രാവിലെ പത്ത് മണിയോടെ വീശിയ ശക്തമായ കാറ്റ് ജനജീവിതത്തെ ബാധിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണു. കിഡ്സൺ കോർണറിന് സമീപം എൽഐസി ഓഫീസിന്റെ പിൻഭാഗത്തേക്ക് ഒരു മരം വീണതായും റിപ്പോർട്ടുണ്ട്.
പ്രളയസാധ്യത മുന്നറിയിപ്പ്
ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ രണ്ട് നദികളിൽ പ്രളയസാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കരമനയാർ (വെള്ളൈക്കടവ് സ്റ്റേഷൻ), മണിമലയാർ (കല്ലൂപ്പാറ സ്റ്റേഷൻ) എന്നിവിടങ്ങളിലാണ് കേന്ദ്ര ജല കമ്മിഷൻ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ നിർദേശിക്കുന്നു.










