
റായ്ഗഡ്: മഹാരാഷ്ട്രയിലെ കനത്ത മഴയെ തുടർന്ന് റായ്ഗഡിലെ ഒരു എൽപിജി ബോട്ട്ലിങ് പ്ലാന്റിൽ വെള്ളം കയറി ആയിരക്കണക്കിന് പാചക വാതക സിലിണ്ടറുകൾ പുഴയിലേക്ക് ഒഴുകിപ്പോയി. പ്ലാന്റിന്റെ സംരക്ഷണ മതിൽ ശക്തമായ വെള്ളപ്പാച്ചിലിൽ തകർന്നതോടെയാണ് ഏകദേശം 3,000 സിലിണ്ടറുകൾ പാതൽഗംഗ നദിയിലേക്ക് ഒഴുകിയത്.
സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ പുഴയിലൂടെ ഒഴുകുന്ന നൂറുകണക്കിന് സിലിണ്ടറുകളാണ് കാണുന്നത്. അപൂർവ കാഴ്ച കാണാനെത്തിയ നിരവധി നാട്ടുകാർ നദീതീരങ്ങളിൽ തടിച്ചുകൂടുകയും ചിലർ ഒഴുകിയെത്തിയ സിലിണ്ടറുകൾ കരയ്ക്കെത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് ഒഴുകിപ്പോയ സിലിണ്ടറുകൾ കണ്ടെത്താൻ അധികൃതർ തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. സിലിണ്ടറുകൾ കാണുന്നവർ ഉടൻ അധികൃതരെ അറിയിക്കണമെന്നും ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. എത്ര സിലിണ്ടറുകൾ തിരിച്ചുകിട്ടുമെന്നത് വ്യക്തമല്ല.
അതേസമയം, മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഡൽഹി ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ടും കെട്ടിടങ്ങൾ തകർന്നുവീണ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴക്കെടുതി മൂലം ജനജീവിതം പല ഭാഗങ്ങളിലും സാരമായി ബാധിച്ചിരിക്കുകയാണ്.










