11:19am 11 November 2026
NEWS
നോർക്ക പ്രൊഫഷണൽ ആന്റ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് (27)
26/09/2025  08:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നോർക്ക പ്രൊഫഷണൽ ആന്റ്  ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഇന്ന് (27)
HIGHLIGHTS

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും

പ്രവാസി കേരളീയകാര്യ വകുപ്പിന്റെയും (നോർക്ക) ലോക കേരള സഭയുടെയും   ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നോർക്ക  പ്രൊഫഷണൽ ആന്റ്  ബിസിനസ് ലീഡർഷിപ്പ് മീറ്റ്  കൊച്ചി ഗ്രാൻഡ് ഹയാത്തിൽ ഇന്ന്  (27) നടക്കും . രാവിലെ 10 ന്   മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. 

കേരളത്തിന്റെ വികസനദൗത്യം യാഥാർത്ഥ്യമാക്കാൻ പ്രവാസി സമൂഹത്തിന്റെ വൈദഗ്ധ്യം, നിക്ഷേപങ്ങൾ, ആഗോള നെറ്റ്‌വർക്കുകൾ എന്നിവ തന്ത്രപരമായി പ്രയോജനപ്പെടുതുന്നതിനുള്ള  വേദിയായാണ് നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന്  എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ  നോർക്ക റൂട്ട്സ്  റസിഡന്റ് വൈസ് ചെയർമാൻ  പി ശ്രീരാമകൃഷ്ണൻ അറിയിച്ചു .

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 പ്രമുഖ മലയാളി പ്രൊഫഷണലുകൾ,  സിഇഒമാർ, സംരംഭകർ, ശാസ്ത്രജ്ഞർ, സാങ്കേതിക  വിദഗ്ധർ, ആരോഗ്യരംഗത്തെ പ്രമുഖർ, സ്റ്റാർട്ടപ്പ് സംരംഭകർ, അക്കാദമിക്  വിദഗ്ധർ, വ്യവസായ പ്രമുഖർ എന്നിവരും  കേരള സർക്കാരിലെ  മുതിർന്ന നയരൂപകരും, വ്യവസായ രംഗത്തെ പ്രതിനിധികളും മീറ്റിംഗിൽ പങ്കെടുക്കും. വിദ്യാഭ്യാസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹെൽത്ത്കെയർ, സാമൂഹിക നവീകരണം, സുസ്ഥിരത തുടങ്ങിയ പ്രധാന മേഖലകളെ  കേന്ദ്രീകരിച്ചുള്ള വിവിധ സെഷനുകളും മീറ്റിന്റെ ഭാഗമായി നടക്കും.

ആരോഗ്യം, ഭാവി സാങ്കേതികവിദ്യകൾ, പുതു ഊർജം - സുസ്ഥിര വികസനം - കാലാവസ്ഥ, വിദ്യാഭ്യാസം - ഭാവിയിലേക്കുള്ള നൈപുണ്യ വികസനം, സാമൂഹിക നവീകരണം എന്നീ മേഖലകളിൽ സഹകരണ പദ്ധതികൾ ആരംഭിക്കുക, ഗ്ലോബൽ അംബാസഡർമാരായി പ്രവാസി മലയാളികളെ ഉയർത്തിക്കാട്ടി  കേരളത്തിന്റെ ആഗോള പ്രതിഛായ  വർദ്ധിപ്പിക്കുക, അതിലൂടെ നിക്ഷേപം  ആകർഷിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

വിവിധ സെഷനുകളിലായി   മന്ത്രിമാരായ  പി രാജീവ്‌,  എം ബി രാജേഷ്, വീണാ  ജോർജ്, വി ശിവൻകുട്ടി,  സജി ചെറിയാൻ എന്നിവർ പരിപാടിയുടെ ഭാഗമാകും .  ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർപേഴ്സൺ വി കെ രാമചന്ദ്രൻ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം എ യൂസഫലി,  റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ,  ഡയറക്ടർമാരായ  ഒ വി മുസ്തഫ,  ജെ കെ മേനോൻ, നോർക്ക ഡിപ്പാർട്ട്മെന്റ് സെക്രട്ടറി എസ് ഹരികിഷോർ  തുടങ്ങിയവർ പങ്കെടുക്കും. 

വാർത്ത സമ്മേളനത്തിൽ ലോക കേരള സഭ ഡയറക്ടർ ആസിഫ് കെ. യൂസഫ് , നോർക്ക പബ്ലിക് റിലേഷൻസ് ഓഫീസർ അനിൽ ഭാസ്കർ തുടങ്ങിയവർ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img