
ഏപ്രിൽ ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകത്തിലെ ദാവൺഗെരെ സൗത്ത് നിയമസഭാമണ്ഡലത്തിൽ മുസ്ലിം ജനവിഭാഗത്തിൽ നിന്നും കോൺഗ്രസ് നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. മുതിർന്ന നേതാവ് ശാമന്നൂർ ശിവശങ്കരപ്പയുടെ മരണത്തെ തുടർന്നാണ് ദാവൺഗെരെ സൗത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2023 ൽ ശിവശങ്കരപ്പ ഇരുപത്തയ്യായിരത്തിലേറെ വോട്ടുകൾക്ക് വിജയിച്ച മണ്ഡലമാണിത്. 2.32 ലക്ഷം വോട്ടർമാരുള്ള ഈ മണ്ഡലത്തിൽ 80000 മുസ്ലിമുകളുണ്ട്. ഒരു മുസ്ലിം നേതാവിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഭവനമന്ത്രി സമീർ അഹമ്മദ് ഖാൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശിവശങ്കരപ്പയുടെ കൊച്ചുമകൻ സമർത്ഥ ശാമന്നൂരിനെ സ്ഥാനാർത്ഥിയാക്കി, എം എൽ എമാർ മരണമടഞ്ഞാൽ ഉപതെരഞ്ഞെടുപ്പിൽ അവരുടെ ബന്ധുക്കളെ മത്സരിപ്പിക്കുക എന്ന കോൺഗ്രസ്സിന്റെ കീഴ് വഴക്കം പിന്തുടരുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ചെയ്തത്. ഇത് മുസ്ലിം ജനവിഭാഗത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് വിമതൻ സാദിഖ് ഫയൽവാൻ ഉൾപ്പെടെ 14 മുസ്ലിം സ്ഥാനാർഥികളുണ്ട് ഈ മണ്ഡലത്തിൽ. മുസ്ലിങ്ങൾ മുസ്ലിം സ്ഥാനാർഥികൾക്ക് വോട്ടുചെയ്യണമെന്നാണ് മൗലവിമാർ ആവശ്യപ്പെട്ടിട്ടുള്ളത്.മുസ്ലിം വോട്ടുകൾ ഭിന്നിച്ചാൽ അത് ഗുണം ചെയ്യുക ബിജെപിയ്ക്കാണ്. മുതിർന്ന നേതാവ് ശ്രീനിവാസ് ടി ദാസ കരിയപ്പയാണ് ബിജെപി സ്ഥാനാർത്ഥി. മുൻ മുഖ്യമന്ത്രി യഡിയൂരപ്പ ഇദ്ദേഹത്തിന് വേണ്ടി പ്രചരണം നടത്തിയിരുന്നു. മുസ്ലിം വോട്ടുകൾ വിഘടിക്കുന്നത് ബിജെപിയ്ക്ക് സഹായകരമാകുമെന്ന് പിസിസി വൈസ് പ്രസിഡന്റ് സലീം അഹമ്മദ് സമ്മതിക്കുന്നു. മുസ്ലിം വോട്ടർമാരെ അനുനയിപ്പിക്കാൻ കോൺഗ്രസ് കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. ബിജെപി സ്ഥാനാർഥി സമർത്ഥ ശാമന്നൂരിന്റെ പിതാവും ശിവശങ്കരപ്പയുടെ മകനുമായ മന്ത്രി മല്ലികാർജ്ജുനയും സമീർ അഹമ്മദ് ഖാനും തമ്മിലുള്ള അഭിപ്രായഭിന്നത ഈ പ്രശ്നത്തിന്റെ പിന്നിലുണ്ട്. മുസ്ലിം സ്വതന്ത്ര സ്ഥാനാർഥിയായ ഖാദർ പാഷയ്ക്ക് വേണ്ടി പ്രചരണം നടത്താൻ ജെഡിഎസ് മുൻ സംസ്ഥാന പ്രസിഡണ്ടും മുൻ കേന്ദ്രമന്ത്രിയുമായ സി എം ഇബ്രാഹിം എത്തിയിരുന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രൺധീപ് സുർജെവാല ഇടപെട്ട് മുസ്ലിം വോട്ടർമാരെ അനുനയിപ്പിക്കുമെന്നാണ് കോൺഗ്രസ്സ് കരുതുന്നത്. ബിജെപിയാകട്ടെ അവസരം തന്ത്രപരമായി ഉപയോഗപ്പെടുത്തുന്നുമുണ്ട്.
Photo Courtesy - Google










