
ദോഹ: ദോഹ അന്താരാഷ്ട്ര പുസ്തകമേളയുമായി ബന്ധപ്പെട്ട ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയർ അവാർഡിന് സാംസ്കാരിക മന്ത്രാലയം നാമനിർദേശങ്ങൾ ക്ഷണിച്ചു. ജനുവരി 17 മുതൽ മാർച്ച് 1 വരെ അപേക്ഷകൾ സമർപ്പിക്കാം.
പ്രസാധന രംഗത്തിന്റെ പ്രാദേശികവും അന്താരാഷ്ട്രവുമായ വളർച്ച, വിജ്ഞാനാധിഷ്ഠിത ഉള്ളടക്കങ്ങളുടെ പ്രോത്സാഹനം, സാംസ്കാരിക വൈവിധ്യം, ഉയർന്ന കലാത്മക–സാങ്കേതിക നിലവാരം എന്നിവ ലക്ഷ്യമിട്ടാണ് അവാർഡ്. എഴുത്തുകാരുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്തുന്നതിനും യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രത്യേക വിഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
നാമനിർദേശത്തിനുള്ള എല്ലാ അപേക്ഷകളും ബൗദ്ധികസ്വത്തവകാശ നിയമങ്ങൾ പാലിച്ച് അവാർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഡിജിറ്റൽ (PDF) രൂപത്തിൽ സമർപ്പിക്കണം. സാംസ്കാരിക, സാഹിത്യ, ശാസ്ത്രീയ വൈവിധ്യം പ്രതിഫലിപ്പിക്കുന്ന കൃതികൾക്കാണ് മുൻഗണന.
ഖത്തർ പ്രസാധന മികവ് അവാർഡ്
അന്താരാഷ്ട്ര പ്രസാധന മികവ് അവാർഡ്
കുട്ടികളുടെ പുസ്തകങ്ങൾക്കുള്ള ഖത്തർ പ്രസാധക അവാർഡ്
കുട്ടികളുടെ പുസ്തകങ്ങൾക്കുള്ള അന്താരാഷ്ട്ര പ്രസാധക അവാർഡ്
പരിഭാഷാ പ്രസാധന മികവ് അവാർഡ്
സൃഷ്ടിപരമായ എഴുത്തുകാരൻ അവാർഡ്
സൃഷ്ടിപരമായ യുവ ഖത്തറി എഴുത്തുകാരൻ അവാർഡ്
35-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലെ മികച്ച പവിലിയൻ അവാർഡ് തുടങ്ങി
എട്ട് വിഭാഗങ്ങളിലാണ് അവാർഡ്.ഓരോ വിഭാഗങ്ങളിലും 20,000 മുതൽ 40,000 ഖത്തർ റിയാൽ വരെ സമ്മാനത്തുക നൽകും. ഈ അവാർഡ് ദോഹ അന്താരാഷ്ട്ര പുസ്തകമേളയുടെ സാംസ്കാരിക പ്രാധാന്യം കൂടുതൽ ശക്തിപ്പെടുത്തുന്നതായിരിക്കുമെന്ന് സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി.











