08:52pm 18 April 2026
NEWS
ഇവിടെ ഇങ്ങനെയാണ് ഭായ്.. ക്ഷേത്രമുറ്റത്ത് ഇസ്ലാംമതവിശ്വാസികൾക്കായി നോമ്പുതുറ സംഘടിപ്പിച്ചു
28/02/2026  08:12 AM IST
nila
 ഇവിടെ ഇങ്ങനെയാണ് ഭായ്.. ക്ഷേത്രമുറ്റത്ത് ഇസ്ലാംമതവിശ്വാസികൾക്കായി നോമ്പുതുറ സംഘടിപ്പിച്ചു

കാസർകോട്: മതസൗഹാർദ്ദത്തിന്റെ ശക്തമായ സന്ദേശവുമായി തച്ചങ്ങാട് അരവത്ത് മട്ടെങ്ങാനം കഴകം പൂബാണംകുഴി ക്ഷേത്രം. ക്ഷേത്ര പുനഃപ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചാണ് ക്ഷേത്രം ഭാരവാഹികൾ മതസൗഹാർദ്ദത്തിന് പുത്തൻ മാതൃക തീർത്തത്. വ്യാഴാഴ്ച വൈകീട്ടാണ് പരിപാടി നടന്നത്.

പൂബാണം യു.എ.ഇ. കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നോമ്പുതുറയിൽ നൂറുകണക്കിന് മുസ്‌ലിം വിശ്വാസികൾ പങ്കെടുത്തു. സമീപ മസ്ജിദുകളിൽ 6.39-ന് മഗ്‌രിബ് ബാങ്ക് മുഴങ്ങിയതോടെ കാരക്കയും നാരങ്ങ സർബത്തും കഴിച്ച് വിശ്വാസികൾ ക്ഷേത്രമുറ്റത്ത് ഒരുമിച്ച് നോമ്പുതുറ നടത്തി. റംസാൻ വ്രതാനുഷ്ഠാനം തുടരുന്നതിനാൽ വെള്ളിയാഴ്ച നടക്കുന്ന പുനഃപ്രതിഷ്ഠാ ഉത്സവത്തിലെ അന്നദാനത്തിൽ മുസ്‌ലിംമത വിശ്വാസികൾക്ക് പങ്കെടുക്കാനാകാത്ത സാഹചര്യത്തിലാണ് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചതെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ കെ. ശിവരാമൻ മേസ്ത്രി പറഞ്ഞു.

ഇത്തരത്തിലുള്ള സൗഹൃദപരമായ ഇടപെടലുകൾ ഇന്നത്തെ സമൂഹത്തിന് ആവശ്യമാണെന്ന് പരയങ്ങാനം മഹല്ല് ജമാഅത്ത് സെക്രട്ടറി അഷറഫ് പരയങ്ങാനം പ്രതികരിച്ചു. ക്ഷേത്ര കലവറ ഘോഷയാത്രകൾക്ക് മഹല്ല് കമ്മിറ്റി നൽകുന്ന സ്വീകരണവും, നബിദിന ഘോഷയാത്രയ്ക്ക് തറവാട്ടുവക നൽകുന്ന ആദരവും വർഷങ്ങളായി നിലനിൽക്കുന്ന പരസ്പര ബഹുമാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img