
ദോഹ: റോഡുകളിൽ അമിത ശബ്ദമുണ്ടാക്കി ജനങ്ങൾക്കും മറ്റ് വാഹനയാത്രക്കാർക്കും ശല്യമുണ്ടാക്കിയ 31 വാഹനങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പിടിച്ചെടുത്തു. വാഹനമോടിച്ചവരെ കസ്റ്റഡിയിലെടുക്കുകയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.
2007-ലെ 19-ാം നമ്പർ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 58 പ്രകാരമാണ് നടപടി. ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന സൈലൻസറുകൾ (Mufflers) ഇല്ലാതെ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ്.വാഹനങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദത്തിന്റെ അളവ് ഡെസിബെൽ (dB) യൂണിറ്റിലാണ് അളക്കുന്നത്. ഖത്തർ ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജി നിശ്ചയിച്ചിട്ടുള്ള പരിധിക്കപ്പുറം ശബ്ദമുണ്ടാക്കുന്ന കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കുമെതിരെയാണ് നടപടി സ്വീകരിച്ചത്.പൊതുജനങ്ങളുടെ സമാധാനജീവിതം തടസ്സപ്പെടുത്തുന്നതും റോഡ് സുരക്ഷയെ ബാധിക്കുന്നതുമായ പ്രവണതകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ട്രാഫിക് വിഭാഗം പരിശോധന ശക്തമാക്കിയത്.ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘകർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. റോഡ് സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.











