
കൊച്ചി: പൊലീസ് ചൂണ്ടിക്കാട്ടിയ കമന്റുകൾ നീക്കം ചെയ്തശേഷം മലയാളം ഡിജിറ്റൽ വാർത്താമാധ്യമമായ ‘നോക്യാപി’ന്റെ ഫേസ്ബുക്ക് പേജ് പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്ന് കേരള ഹൈക്കോടതി. പേജ് തടഞ്ഞതിനെതിരെ ചീഫ് എഡിറ്ററും മാധ്യമപ്രവർത്തകനുമായ കെ. ഹൈദർ അലി നൽകിയ ഹർജിയിൽ ജസ്റ്റിസ് സിയാദ് റഹ്മാൻ എ.എയാണ് ഉത്തരവിട്ടത്.
ചില പോസ്റ്റുകളിലെ ഹാനികരമായ കമന്റുകൾ നീക്കാൻ മാത്രമാണ് മെറ്റയോട് ആവശ്യപ്പെട്ടതെന്നും പേജ് പൂർണമായി തടയാൻ നിർദേശിച്ചിട്ടില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ വിശദീകരണം രേഖപ്പെടുത്തിയാണ് കോടതിയുടെ നടപടി.
സെപ്റ്റംബർ 28ന് പേജിലെ ഉള്ളടക്കത്തിന് ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി അറിയിപ്പ് ലഭിച്ചെന്നായിരുന്നു ഹർജിക്കാരന്റെ വാദം. പേജ് തടയുന്നതിനുള്ള ഉത്തരവ് പ്രസിദ്ധീകരിക്കുകയോ തനിക്ക് ലഭ്യമാക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന പൊലീസ് മേധാവിയോ അദ്ദേഹത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരോ ചൂണ്ടിക്കാട്ടിയ കമന്റുകൾ നീക്കിയശേഷം പേജ് പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്നതിനുള്ള നടപടികൾ മെറ്റ സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു.











