
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) സംഘടിപ്പിക്കുന്ന എമിനന്റ് സ്കോളർ ലക്ചറിൽ രസതന്ത്രത്തിൽ നൊബേൽ സമ്മാന ജേതാവും കൊളംബിയ സർവകലാശാല, ഇർവിംഗ് മെഡിക്കൽ സെന്ററിലെ പ്രൊഫസറുമായ ഡോ. ജോആകിം ഫ്രാങ്ക് ഡിസംബർ 18 വൈകിട്ട് 3:30ക്ക് കുസാറ്റ് സെമിനാർ കോംപ്ലക്സിൽ പ്രഭാഷണം നടത്തും. പ്രശസ്ത സെൽ ബയോളജിസ്റ്റും, ജോർജ് ഇ. പാലാഡെ യൂണിവേഴ്സിറ്റി പ്രൊഫസറും വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറുമായ ഡോ. ഭാനു പി. ജെനയും പരിപാടിയിൽ പ്രഭാഷണം നടത്തും.
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജൂനൈദ് ബുഷിരിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ സർവകലാശാലയിലെ മുതിർന്ന അക്കാദമിക് വിദഗ്ദ്ധർ, ഗവേഷകർ, ശാസ്ത്ര–ഗവേഷണ രംഗത്തെ മറ്റ് വിശിഷ്ട വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുക്കും.
പരിപാടിയുടെ ഭാഗമായി അമേരിക്കയിലെ H2AI LLC യും കുസാറ്റും തമ്മിൽ ധാരണാപത്രം കൈമാറും. ഹൈഡ്രജൻ ഉൽപാദനത്തിനായുള്ള ഫോട്ടോകാറ്റലിസ്റ്റ്, ഇലക്ട്രോകാറ്റലിസ്റ്റ് വികസനം ലക്ഷ്യമിട്ടുള്ള സംയുക്ത ഗവേഷണ സഹകരണമാണ് ധാരണാപത്രത്തിലൂടെ ഉദ്ദേശിക്കുന്നത്.
സിംഗിൾ പാർട്ടികിൾ ക്രയോ–ഇലക്ട്രോൺ മൈക്രോസ്കോപ്പി രംഗത്ത് നിർണായക സംഭാവനകൾ നൽകിയതിന് 2017-ലെ രസതന്ത്ര നൊബേൽ സമ്മാനം കരസ്ഥമാക്കിയ പ്രൊഫ. ജോആകിം ഫ്രാങ്ക് ആഗോള തലത്തിൽ അംഗീകാരം നേടിയ ശാസ്ത്രജ്ഞനാണ്. കോശങ്ങളിലെ സ്രവ പ്രവർത്തനവുമായി ബന്ധപ്പെട്ട അടിസ്ഥാന കണ്ടെത്തലുകൾ നടത്തിയ പ്രൊഫ. ഭാനു പി. ജെനയുടെ ഗവേഷണങ്ങൾ അന്താരാഷ്ട്ര ശാസ്ത്രലോകത്ത് വ്യാപക ശ്രദ്ധ നേടിയിട്ടുണ്ട്.







