
നൊബേൽ ജേതാവ് പ്രൊഫ. യൊവാഹിം ഫ്രാങ്ക് കുസാറ്റിൽ എമിനന്റ് സ്കോളർ പ്രഭാഷണം നടത്തുന്നു
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) സംഘടിപ്പിച്ച എമിനന്റ് സ്കോളർ ലക്ചറിൽ രസതന്ത്രത്തിൽ നൊബേൽ സമ്മാന ജേതാവും കൊളംബിയ സർവകലാശാല, ഇർവിംഗ് മെഡിക്കൽ സെന്ററിലെ പ്രൊഫസറുമായ ഡോ. യൊവാഹിം ഫ്രാങ്ക് (Dr. Jovachim Frank) കുസാറ്റ് സെമിനാർ കോംപ്ലക്സിൽ പ്രഭാഷണം നടത്തി.
ജീവശാസ്ത്രപരമായ പ്രവർത്തനങ്ങളെ ആഴത്തിൽ മനസ്സിലാക്കുന്നതിൽ സിംഗിൾ മോളിക്യൂളുകളുടെ പ്രാധാന്യവും മോളിക്യുലാർ ഇലക്ട്രോൺ മൈക്രോസ്കോപ്പിയിലെ പുരോഗതികളും അദ്ദേഹം പ്രഭാഷണത്തിൽ വിശദീകരിച്ചു. ഇലക്ട്രോൺ മൈക്രോസ്കോപ്പി എങ്ങനെ മോളിക്യുലാർ തലത്തിൽ ജൈവ ഘടനകളെ ദൃശ്യമാക്കുന്ന ശക്തമായ ഉപകരണമായി വികസിച്ചുവെന്നും അതിലൂടെ സങ്കീർണ്ണമായ കോശ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള അറിവുകൾ ലഭിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബയോഫിസിസിസ്റ്റായി തന്റെ ശാസ്ത്രീയ യാത്രയെക്കുറിച്ചുള്ള അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചപ്പോൾ, ഘടനാത്മക ജീവശാസ്ത്രത്തിൽ വിപ്ലവകരമായ സാങ്കേതിക വിദ്യയായി ക്രയോ-ഇലക്ട്രോൺ മൈക്രോസ്കോപ്പിയുടെ വികസനത്തിലേക്ക് നയിച്ച ഗവേഷണ ഘട്ടങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
പ്രശസ്ത സെൽ ബയോളജിസ്റ്റും, ജോർജ് ഇ. പാലാഡെ യൂണിവേഴ്സിറ്റി പ്രൊഫസറും വെയ്ൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറുമായ ഡോ. ഭാനു പി. ജെന "ദി പോറോസോം സെക്രീട്ടറിമിഷിനറി ഫ്രം ഡിസ്കവറി ടു തെറാപ്പി" എന്ന വിഷയത്തെ ആസ്പദമാക്കി പരിപാടിയിൽ പ്രഭാഷണം നടത്തി. കോശ സ്രവണത്തെ നാനോസ്കെയിൽ തലത്തിൽ മനസ്സിലാക്കുന്നതിൽ പോറോസോം എന്ന ഘടനയുടെ കണ്ടെത്തലും, അതിന്റെ മോളിക്യുലാർ സവിശേഷതകളുടെ വിവരണവും, എങ്ങനെ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു എന്നും അദ്ദേഹം പ്രഭാഷണത്തിൽ വിശദീകരിച്ചു. സ്രവണ പ്രവർത്തനത്തിലെ തകരാറുമായി ബന്ധപ്പെട്ട രോഗങ്ങൾ ഉൾപ്പെടെ ബയോമെഡിക്കൽ ഗവേഷണത്തിൽ ഇത് പൂർണ്ണമായും പുതിയ സാധ്യതകൾ തുറന്നു നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സർവകലാശാലയിലെ മുതിർന്ന അക്കാദമിക് വിദഗ്ദ്ധർ, ഗവേഷകർ, ശാസ്ത്ര–ഗവേഷണ രംഗത്തെ മറ്റ് വിശിഷ്ട വ്യക്തിത്വങ്ങൾ എന്നിവർ പങ്കെടുത്തു. കുസാറ്റ് സിണ്ടിക്കേറ്റ് അംഗം ഡോ. സന്തോഷ് കുമാർ ജി, കുസാറ്റ് രജിസ്ട്രാർ ഡോ. അരുൺ എ യു, കുസാറ്റ് റിസർച്ച് ഡെവലപ്മെന്റ് സെൽ ഡയറക്ടർ ഡോ. ഹണി ജോൺ, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. മനോജ് എൻ, ഫിനാൻസ് ഓഫീസർ സിഎംഎ ഗിരീഷ് കുമാർ പി ജി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ഇതോടൊപ്പം ഹൈഡ്രജനെ പ്രായോഗികവും വിപുലീകരിക്കാവുന്നതും ചെലവ് കുറഞ്ഞതുമായ ശുദ്ധ ഊർജസ്രോതസ്സായി വികസിപ്പിക്കുന്നതിനും, ഫോസിൽ ഇന്ധനങ്ങളിലേക്കുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനും, സുസ്ഥിര ഊർജപരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കുസാറ്റും യു.എസ്. ആസ്ഥാനമായ H2AI LLCയുമായി ധാരണാപത്രം (MoU) ഒപ്പുവച്ചു. കുസാറ്റ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജൂനൈദ് ബുഷിരി, ഡോ. യൊവാഹിം ഫ്രാങ്ക്, ഡോ. ബാനു പി. ജെന എന്നിവർ സന്നിഹിതരായ ചടങ്ങിൽ കുസാറ്റ് രജിസ്ട്രാർ ഡോ. അരുണ് എ. യു.യും, യു.എസ്.-ലെ H2AI LLCയുടെ ബോർഡ് ഓഫ് ഡയറക്ടർ അംഗമായ റോയ് വർഗ്ഗീസും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സുസ്ഥിര ഹൈഡ്രജൻ ഊർജ്ജ മേഖലയിൽ അത്യാധുനിക ഗവേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സഹകരണ സംരംഭമായാണ് ഈ ധാരണാപത്രം ഒപ്പുവെച്ചത്.സിംഗിൾ പാർട്ടികിൾ ക്രയോ–ഇലക്ട്രോൺ മൈക്രോസ്കോപ്പി രംഗത്ത് നിർണായക സംഭാവനകൾ നൽകിയതിന് 2017-ലെ രസതന്ത്ര നൊബേൽ സമ്മാനം കരസ്ഥമാക്കിയ പ്രൊഫ. ജോആകിം ഫ്രാങ്ക് ആഗോള തലത്തിൽ അംഗീകാരം നേടിയ ശാസ്ത്രജ്ഞനാണ്. കോശങ്ങളിലെ സ്രവണ പ്രവർത്തനവുമായി ബന്ധപ്പെട്ട അടിസ്ഥാന കണ്ടെത്തലുകൾ നടത്തിയ പ്രൊഫ. ഭാനു പി. ജെനയുടെ ഗവേഷണങ്ങൾ അന്താരാഷ്ട്ര ശാസ്ത്രലോകത്ത് വ്യാപക ശ്രദ്ധ നേടിയിട്ടുണ്ട്.
Photo Courtesy - Google







