05:26am 16 November 2026
NEWS
പതിറ്റാണ്ടുകൾക്കുശേഷം സ്വന്തം മണ്ണിലേക്ക് മടങ്ങി; നൊബേൽ ജേതാവ് മിഗ്വൽ ആഞ്ചൽ അസ്തൂറിയാസിന് മായൻ ആചാരങ്ങളോടെ ആദരം
15/11/2026  12:09 PM IST
nila
പതിറ്റാണ്ടുകൾക്കുശേഷം സ്വന്തം മണ്ണിലേക്ക് മടങ്ങി; നൊബേൽ ജേതാവ് മിഗ്വൽ ആഞ്ചൽ അസ്തൂറിയാസിന് മായൻ ആചാരങ്ങളോടെ ആദരം

 

ഗ്വാട്ടിമാല സിറ്റി: പതിറ്റാണ്ടുകൾ നീണ്ട പ്രവാസത്തിനൊടുവിൽ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ നൊബേൽ സാഹിത്യ പുരസ്കാര ജേതാവ് മിഗ്വൽ ആഞ്ചൽ അസ്തൂറിയാസിന് മായൻ പാരമ്പര്യ ആചാരങ്ങളോടെ ആദരമർപ്പിച്ച് ഗ്വാട്ടിമാല. തലസ്ഥാനത്തെ പുരാതന പുരാവസ്തു കേന്ദ്രമായ കമിനാൽ ജുയുവിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ എഴുത്തുകാരന്റെ കുടുംബാംഗങ്ങളും വിശിഷ്ടാതിഥികളും പങ്കെടുത്തു. നൊബേൽ സമാധാന പുരസ്കാര ജേതാവ് റിഗോബെർട്ട മെഞ്ചു ടും ഉൾപ്പെടെയുള്ളവർ ചടങ്ങിനെത്തി.

വെള്ള, പർപ്പിൾ, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള പൂക്കൾകൊണ്ട് അലങ്കരിച്ച ബലിപീഠത്തിലായിരുന്നു ചടങ്ങുകൾ. നാല് പ്രധാന ദിശകളെ പ്രതിനിധീകരിക്കുന്നതായിരുന്നു ഈ പൂക്കൾ. മെഴുകുതിരികൾ, സുഗന്ധധൂപങ്ങൾ, കറുവപ്പട്ട എന്നിവയും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിരുന്നു.
അസ്തൂറിയാസിന്റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന 32 കിലോഗ്രാം ഭാരമുള്ള പച്ച ജേഡ് കലശത്തിൽ റിഗോബെർട്ട മെഞ്ചു കൈകൾ ചേർത്തുവച്ച് പ്രാർഥിച്ചു. കലശത്തോട് സംസാരിച്ച അവർ അതിൽ ചുംബിക്കുകയും ചെയ്തു.

'ഇന്ന് ഗ്വാട്ടിമാലയിൽ മാത്രമല്ല, ലോകമെമ്പാടും നിത്യസാന്നിധ്യമായി നിലകൊള്ളുന്ന മിഗ്വൽ ആഞ്ചൽ അസ്തൂറിയാസിനെ ആദരിക്കാനാണ് നാം ഇവിടെ ഒത്തുചേർന്നിരിക്കുന്നത്' എന്ന് അവർ പറഞ്ഞു. എഴുത്തുകാരന്റെ ഓർമകൾ നിലനിർത്താൻ അദ്ദേഹത്തിന്റെ കൃതികൾ വായിക്കണമെന്നും ഗ്വാട്ടിമാലയിലെ ജനങ്ങളോട് മെഞ്ചു ആഹ്വാനം ചെയ്തു.

1974-ൽ പ്രവാസത്തിനിടെ മരിച്ച അസ്തൂറിയാസിന്റെ ഭൗതികാവശിഷ്ടങ്ങൾ വ്യാഴാഴ്ചയാണ് ഫ്രാൻസിൽനിന്ന് ഗ്വാട്ടിമാലയിലെത്തിച്ചത്. ഫ്രാൻസിലായിരുന്നു ഇതുവരെ അദ്ദേഹത്തെ സംസ്കരിച്ചിരുന്നത്. സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടി ഏഴു വർഷത്തിനുശേഷം 1974-ൽ മാഡ്രിഡിൽ കാൻസർ ബാധിച്ചായിരുന്നു അന്ത്യം. 1960-കളിലും 1970-കളിലും ലാറ്റിനമേരിക്കൻ സാഹിത്യലോകത്ത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കിയ എഴുത്തുകാരിൽ പ്രമുഖനാണ് അസ്തൂറിയാസ്. മാജിക്കൽ റിയലിസം എന്ന സാഹിത്യശൈലിയുടെ ആദ്യകാല പ്രചാരകരിൽ ഒരാളായും അദ്ദേഹം വിലയിരുത്തപ്പെടുന്നു.

1954-ൽ ജനറൽ കാർലോസ് കാസ്റ്റിലോ അർമാസ് നേതൃത്വം നൽകിയ സൈനിക അട്ടിമറിക്കുശേഷമാണ് അസ്തൂറിയാസിന് രാജ്യം വിടേണ്ടിവന്നത്. അദ്ദേഹത്തിന്റെ പാസ്പോർട്ട് റദ്ദാക്കുകയും കമ്യൂണിസ്റ്റ് എന്ന് മുദ്രകുത്തി ഗ്വാട്ടിമാലൻ പൗരത്വം എടുത്തുകളയുകയും ചെയ്തു. 1966-ലായിരുന്നു അദ്ദേഹം അവസാനമായി ഗ്വാട്ടിമാല സന്ദർശിച്ചത്. അപ്പോഴേക്കും സൈന്യവും ഗറില്ലാ സേനകളും തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് രാജ്യം അക്രമത്തിന്റെയും അടിച്ചമർത്തലിന്റെയും പിടിയിലായിരുന്നു.

സാമൂഹിക പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത അസ്തൂറിയാസ് തദ്ദേശീയ ജനവിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കണമെന്ന ആവശ്യത്തിനും പിന്തുണ നൽകിയിരുന്നു. എന്നാൽ കോളജ് പഠനകാലത്ത് സമർപ്പിച്ച പ്രബന്ധത്തിലെ പരാമർശങ്ങളുടെ പേരിൽ വംശീയത ആരോപണങ്ങളും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. വ്യത്യസ്ത കാഴ്ചപ്പാടുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മാപ്പപേക്ഷയ്ക്കും അനുരഞ്ജനത്തിനും അവസരമൊരുക്കുന്നതാണ് ചടങ്ങെന്ന് ആചാരങ്ങൾക്ക് നേതൃത്വം നൽകിയ പാരമ്പര്യ വിജ്ഞാന മാർഗദർശി ടാറ്റ് ജുവാൻ ജോസ് ചിരിസ്‌ക്വാട്ട് പറഞ്ഞു.

അസ്തൂറിയാസിന്റെ മകനും പിതാവിന്റെ മടക്കയാത്ര രാജ്യത്തിന്റെ ഐക്യത്തിനുള്ള അവസരമാകട്ടെയെന്ന് ആശംസിച്ചു. 'എന്റെ പിതാവ് ഗ്വാട്ടിമാലയിൽ തിരിച്ചെത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ വരവ് രാജ്യത്തെ ഒന്നിപ്പിക്കട്ടെ' എന്നായിരുന്നു മിഗ്വൽ ആഞ്ചൽ അസ്തൂറിയാസ് അമാഡോയുടെ പ്രതികരണം. ശനിയാഴ്ച വരെ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനായി ചിതാഭസ്മം നാഷനൽ പാലസ് ഓഫ് കൾച്ചറിൽ പൊതുദർശനത്തിന് വയ്ക്കും. ഞായറാഴ്ച മിഗ്വൽ ആഞ്ചൽ അസ്തൂറിയാസ് കൾച്ചറൽ സെന്ററിലെ സ്മാരകത്തിൽ സംസ്കരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img