
കർണാടകം: ബംഗളുരുവിന് സമീപം ദേവനഹള്ളിയിലെ ചന്നരായപട്ടണ താലൂക്കിൽ ഏറോസ്പേസ് പാർക്ക് ആരംഭിക്കാനായി രണ്ടായിരത്തോളം ഏക്ര ഭൂമി ഏറ്റെടുക്കാനുള്ള ഗവണ്മെന്റ് തീരുമാനത്തിന് എതിരെയുള്ള കർഷകപ്രക്ഷോഭം തുടരും. കർഷകസംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ വിധാൻസൗധയിൽ വെച്ച് നടത്തിയ ചർച്ച പൂർണ്ണമായില്ല. പ്രാഥമിക നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്തിമ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതിനാൽ മറിച്ചൊരു തീരുമാനമെടുക്കാൻ പ്രയാസമുണ്ടെന്നാണ് മുഖ്യമന്ത്രിയ്ക്ക് ലഭിച്ച നിയമോപദേശം. അത് അദ്ദേഹം കർഷക പ്രതിനിധികളുമായി പങ്കുവെച്ചു. മൂന്നുവർഷം മുമ്പ്, ബിജെപി ഗവണ്മെന്റ് അധികാരത്തിലിരിക്കെയാണ് ഏറ്റെടുക്കൽ നടപടി ആരംഭിച്ചത്. ഭൂമി ഏറ്റെടുക്കൽ നടപടിയിൽ നിന്ന് ഗവണ്മെന്റ് പൂർണ്ണമായി പിന്മാറണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷക സമൂഹം. കാർഷിക സമൃദ്ധിയുള്ള ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഫലത്തിൽ പതിമൂന്ന് ഗ്രാമങ്ങൾ ഇല്ലാതാകും. ആ മണ്ണിൽ വിളഞ്ഞ വിവിധ കാർഷികോൽപ്പന്നങ്ങളുമായാണ് ഗ്രാമീണരുടെ പ്രതിനിധികൾ കൂടിക്കാഴ്ചയ്ക്ക് എത്തിയത്. നടനും ആക്റ്റീവിസ്റ്റുമായ പ്രകാശ് രാജ്, മുതിർന്ന മാധ്യമപ്രവർത്തകനും ആക്റ്റീവിസ്റ്റുമായ ഇന്ദുധാര ഹൊന്നാപുര, റെയ്ത്ത സംഘ നേതാവ് ബഡഗലപുര നാഗേന്ദ്ര ഉൾപ്പെടെ വിവിധ സംഘടനകളെ പ്രതിനിധീകരിക്കുന്ന ഇരുപത്തിയഞ്ച് നേതാക്കളാണ് കൂടിക്കാഴ്ച്ചയ്‌ക്കെത്തിയത്. ഭക്ഷ്യമന്ത്രി കെ എച്ച് മുനിയപ്പയുടെ മണ്ഡലത്തിലാണ് ഈ ഗ്രാമങ്ങൾ. അദ്ദേഹവും നഗരവികസന മന്ത്രി ബൈരതി സുരേഷ്, പോളിസി ആൻഡ് പ്ലാനിങ് കമ്മീഷൻ ഉപാധ്യക്ഷൻ ബി ആർ പാട്ടീൽ, ചീഫ് സെക്രട്ടറി ശാലിനി രജ്നീഷ് തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. നഷ്ടപരിഹാരം പത്തിരട്ടിയായി വർധിപ്പിച്ചാലും സ്വീകാര്യമല്ലെന്നും അതേക്കുറിച്ച് ചർച്ചയേ വേണ്ടെന്നും തുടക്കത്തിൽ തന്നെ കർഷകപ്രതിനിധികൾ വ്യക്തമാക്കിയിരുന്നു. ഭൂമിയ്ക്ക് പകരം പണമോ മറ്റൊരിടത്ത് വികസിത പ്ലോട്ടുകളോ തങ്ങൾക്ക് വേണ്ടെന്ന നിലപാടിൽ കർഷകർ ഉറച്ചുനിന്നു. നിയമപ്രശ്നങ്ങൾ പഠിക്കാൻ പത്തുദിവസത്തെ സമയം വേണമെന്ന് മുഖ്യമന്ത്രി പ്രതിനിധികളെ അറിയിച്ചു. 15 ന് വീണ്ടും കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്. ബിജെപി ഭരണത്തിലിരിക്കെയാണ് ഈ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനമുണ്ടായത്. അന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ്സ് ഏറ്റെടുക്കൽ നടപടിയ്ക്കെതിരായിരുന്നു. പക്ഷെ അധികാരം കിട്ടിയപ്പോൾ കോൺഗ്രസും ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടുപോവുകയാണുണ്ടായത്. മൂന്നുവർഷത്തിലേറെയായി കർഷകർ പ്രക്ഷോഭത്തിലാണ്. "കഴിഞ്ഞ ഗവണ്മെന്റ് ഒരു മുറിവുണ്ടാക്കി. ആ മുറിവ് ഉണക്കുമെന്ന് പറഞ്ഞ ഈ ഗവണ്മെന്റ് വാക്ക് പാലിക്കാത്തതാണ് കർഷകരെ വേദനിപ്പിക്കുന്നത് " പ്രകാശ് രാജ് വ്യക്തമാക്കി. ഗവണ്മെന്റ് കർഷകരുടെ പക്ഷത്താണെന്നും നിയമപരമായ പ്രശ്നങ്ങൾ പരിഹരിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.വൈകീട്ട് ഫ്രീഡം പാർക്കിൽ ചേർന്ന പ്രതിഷേധ സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് കർഷകർ പങ്കെടുത്തു.
Photo Courtesy - Google











