
കൊല്ലത്ത് വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്. കൊല്ലം കൂട്ടിക്കടയിലാണ് സംഭവം. ബിരിയാണിയ്ക്കൊപ്പം സാലഡ് കിട്ടാത്തതിൻറെ പേരിലാണ് യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. എല്ലാവർക്കും തലയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കൽ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് സംഘർഷമുണ്ടായത്.
വിവാഹ സൽക്കാരത്തിനു ശേഷം ഭക്ഷണം കഴിക്കാനിരുന്ന കേറ്ററിങ് തൊഴിലാളികൾ തമ്മിലാണ് സംഘർഷമുണ്ടായത്. ബിരിയാണിക്കൊപ്പം സാലഡ് കിട്ടാത്തതിൻറെ പേരിൽ തർക്കം ഉണ്ടാവുകയും കൂട്ട അടിയിൽ കലാശിക്കുകയുമായിരുന്നു.
വിവാഹത്തിനെത്തിയ അതിഥികൾക്ക് ബിരിയാണി വിളമ്പിയ ശേഷമാണ് കേറ്ററിങ് തൊഴിലാളികൾ ആഹാരം കഴിക്കാനിരുന്നത്. കേറ്ററിങ് തൊഴിലാളികൾ തമ്മിൽ ബിരിയാണി വിളമ്പുന്നതിനിടയിലാണ് ഒരു വിഭാഗം യുവാക്കൾക്ക് സാലഡ് ലഭിക്കാത്തത് ചൂണ്ടികാട്ടി തർക്കം ആരംഭിച്ചത്. പിന്നാലെ സംഘർഷമായി. അടിയുണ്ടാക്കിയവർക്ക് എതിരെ കേസെടുക്കുമെന്ന് ഇരവിപുരം പൊലീസ് അറിയിച്ചു.











