
നല്ല ശമ്പളവും മികച്ച ആനുകൂല്യങ്ങളുമുള്ളൊരു ജോലി എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, വലിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിട്ടും ഒരാളു പോലും തയ്യാറാകാത്ത ഒരു ജോലിയെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ ഉയരുന്നത്. ജോലിയെ കുറിച്ച് പറയും മുമ്പ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എന്തൊക്കെയെന്ന് നോക്കാം,
പ്രതിവർഷം മൂന്നുകോടി രൂപയാണ് ശമ്പളമായി ലഭിക്കുക. സൗജന്യ താമസ സൗകര്യം നൽകും. താമസ സൗകര്യം എന്നു പറഞ്ഞാൽ എല്ലാ സൗകര്യങ്ങളോടും കൂടിയ വീട് തന്നെ. സഞ്ചരിക്കാൻ കാറും സൗജന്യമായി ലഭിക്കും. ഇതിന് പുറമേ ബോണസും ഉത്സവബത്തയും പോലുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഇത്രയേറെ വാഗ്ദാനങ്ങളുണ്ടായിട്ടും ആരും ഏറ്റെടുക്കാത്ത ആ ജോലി എന്തെന്നല്ലേ? ഓസ്‌ട്രേലിയയിലെ ലോക്കൽ ഫാമിലി ഡോക്ടർ തസ്തികയിലേക്കാണ് അവസരം വന്നത്. എന്നിട്ടും എന്താണ് ആരും ഈ ജോലിക്ക് തയ്യാറാകാത്തത് എന്ന സംശയത്തിനുള്ള മറുപടിയാണ് ഇനി പറയുന്നത്.
ഓസ്‌ട്രേലിയയിലെ ക്വീൻസ് ലാൻഡ് എന്ന സ്ഥലത്ത് ജൂലിയ ക്രീക്ക് എന്ന ഒരു ചെറിയ പട്ടണത്തിലാണ് വേക്കൻസിയുള്ളത്. ഒരു ഒറ്റപ്പെട്ട പട്ടണമാണ് ജൂലിയ ക്രീക്ക്. ഈ ഒരൊറ്റ കാരണം കൊണ്ടാണ് ഡോക്ടർമാർ ഇവിടെ ജോലിക്കായി എത്താൻ മടിക്കുന്നത്. ഒറ്റപ്പെട്ട പട്ടണമാണെങ്കിലും ഇന്റർനെറ്റ് ഉൾപ്പടെ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഉണ്ട്. പക്ഷേ, ജൂലിയ ക്രീക്കിൽ നിന്ന് അടുത്ത നഗരത്തിലേക്ക് പോകണമെങ്കിൽ കുറഞ്ഞത് 17 മണിക്കൂറെങ്കിലും യാത്ര ചെയ്യേണ്ടി വരും.
ഓസ്‌ട്രേലിയയിലെ മറ്റൊരു നഗരത്തിലെ ഡോക്ടർമാർക്കും ഇത്രയും ഭീമമായ ശമ്പളമില്ല. അതേസമയം, ഈ ജോലിക്ക് ഒരുപാട് ഗുണങ്ങളുണ്ട്. പ്രകൃതിയോടിണങ്ങിയുളള ശാന്തമായ ജീവിതം നയിക്കാമെന്നതാണ് പ്രധാനപ്പെട്ടത്. എന്തൊക്കെയാണെങ്കിലും ഇവിടേക്ക് വരാൻ ഒരു ഡോക്ടർപോലും തയ്യാറാകുന്നില്ല എന്നാണ് റിപ്പോർട്ട്. പുതിയൊരു ഡോക്ടറെ നിയമിക്കുന്നതിന് സർക്കാർ ശ്രമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.











