05:17am 17 November 2026
NEWS
മേക്കെദാട്ട് അണക്കെട്ട് നിർമിക്കുക കർണാടകയുടെ അവകാശം ആർക്കും തടയാനാവില്ല ഡി.കെ. ശിവകുമാർ
16/11/2026  01:30 PM IST
വിഷ്ണുമംഗലം കുമാർ
മേക്കെദാട്ട് അണക്കെട്ട് നിർമിക്കുക കർണാടകയുടെ അവകാശം ആർക്കും തടയാനാവില്ല  ഡി.കെ. ശിവകുമാർ

ബംഗളൂരു: കാവേരി നദിക്കു കുറുകെ മേക്കെദാട്ടിൽ അണക്കെട്ട് നിർമിക്കാനുള്ള കർണാടകയുടെ അവകാശം ആർക്കും തടയാനാവില്ലെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. പദ്ധതിക്ക് ആവശ്യമായ കേന്ദ്രസർക്കാരിന്റെ വന-പരിസ്ഥിതി അനുമതികൾ ലഭ്യമാക്കാൻ കർണാടകയുടെ സർവകക്ഷി പ്രതിനിധിസംഘം ഡൽഹിയിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കർണാടക സന്ദർശനത്തിനിടെ മേക്കെദാട്ട് പദ്ധതി സംബന്ധിച്ച് നടത്തിയ പ്രസ്താവനയുടെ തുടർച്ചയായാണ് ശിവകുമാർ  വീണ്ടും നിലപാട് വ്യക്തമാക്കിയത്.മേക്കദാട്ട് വിഷയത്തിൽ സുപ്രീംകോടതി വിധി വന്നുകഴിഞ്ഞതാണ്. ഇനി വേണ്ടത് അത് നടപ്പാക്കാനുള്ള നടപടികളാണ്. തമിഴ്നാടിന് നിയമപ്രകാരം ലഭിക്കേണ്ട 177 ടി.എം.സി. അടി കാവേരി ജലം നൽകേണ്ടത് കർണാടകയുടെ ഉത്തരവാദിത്വമാണ്. അതേസമയം, അണക്കെട്ട് നിർമിക്കാനുള്ള അവകാശവും കർണാടകയ്ക്കുണ്ട്. രണ്ടും ഒരുപോലെ സംരക്ഷിക്കുമെന്നും ശിവകുമാർ പറഞ്ഞു.തമിഴ്നാട്ടിൽനിന്നുള്ള രാഷ്ട്രീയ എതിർപ്പുകളെക്കുറിച്ച് പ്രതികരിക്കവെ, ആരൊക്കെ വിമർശിച്ചാലും കർണാടകയുടെ അവകാശത്തിൽനിന്ന് പിന്നോട്ടുപോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തമിഴ്നാട്ടിൽനിന്നുള്ള സർവകക്ഷി പ്രതിനിധിസംഘം എത്തിയാൽ പദ്ധതിയുടെ പ്രയോജനങ്ങൾ വിശദീകരിക്കാൻ തയ്യാറാണെന്നും അറിയിച്ചു. മേക്കെദാട്ട് പദ്ധതി രാഷ്ട്രീയ തർക്കമായി മാത്രം കാണാതെ കാവേരി നദീതടത്തിന്റെ മൊത്തത്തിലുള്ള ജലസുരക്ഷയുടെ ഭാഗമായി പരിഗണിക്കണമെന്നാണ് കർണാടകയുടെ നിലപാട്.വെള്ളിയാഴ്ച മൈസൂരുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത കോസ്മോസ് (CoSMOS) പ്ലാനറ്റേറിയം ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവെയും ശിവകുമാർ മേക്കെദാട്ട് വിഷയം ഉന്നയിച്ചിരുന്നു. സുപ്രീംകോടതി വിധി കർണാടകയ്ക്ക് അനുകൂലമാണെന്നും പദ്ധതിക്ക് ആവശ്യമായ അന്തിമ നിയമപരമായ അനുമതികൾ കേന്ദ്രം വേഗത്തിൽ നൽകണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.ബംഗളൂരുവിന്റെ വർധിച്ചുവരുന്ന കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനും വരൾച്ചാകാലത്ത് തമിഴ്നാടിന് ആവശ്യമായ ജലലഭ്യത ഉറപ്പാക്കുന്നതിനും മേക്കെദാട്ട് ഒരു ബാലൻസിങ് റിസർവോയറായി പ്രവർത്തിക്കുമെന്നാണ് കർണാടക സർക്കാരിന്റെ വാദം. കനകപുരയ്ക്കടുത്ത് കാവേരി നദിക്കു കുറുകെ വിഭാവനം ചെയ്തിരിക്കുന്ന ഈ ബഹുമുഖ പദ്ധതിയിൽ വൈദ്യുതി ഉൽപ്പാദനവും ലക്ഷ്യമിടുന്നുണ്ട്.എന്നാൽ, അണക്കെട്ട് നിർമിച്ചാൽ കാവേരിയിലെ ജലപ്രവാഹത്തെയും തമിഴ്നാട്ടിലെ കൃഷിയെയും പ്രതികൂലമായി ബാധിക്കുമെന്നാണ് തമിഴ്നാടിന്റെ ആശങ്ക. അതുകൊണ്ടുതന്നെ പദ്ധതിക്കെതിരെ തമിഴ്നാട് ശക്തമായ എതിർപ്പ് തുടരുകയാണ്.മേക്കദാട്ട് പദ്ധതിക്ക് കേന്ദ്രത്തിന്റെ വന-പരിസ്ഥിതി അനുമതികൾ ഉൾപ്പെടെയുള്ള നിയമപരമായ നടപടികൾ ഇനിയും പൂർത്തിയാകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ഉറപ്പാക്കാനാണ് സർവകക്ഷി പ്രതിനിധിസംഘത്തെ ഡൽഹിയിലേക്ക് അയക്കാനുള്ള കർണാടകയുടെ നീക്കം.കാവേരി ജലവിഹിതം സംബന്ധിച്ച തർക്കങ്ങൾക്കിടയിൽ മേക്കെദാട്ട് പദ്ധതി വീണ്ടും കർണാടക-തമിഴ്നാട് ബന്ധത്തിലെ പ്രധാന രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്. കർണാടകയുടെ കുടിവെള്ള സുരക്ഷയും തമിഴ്നാട്ടിലെ കർഷകരുടെ ജലാവകാശവും ഒരേസമയം സംരക്ഷിക്കപ്പെടുമോ എന്നതാണ് ഇനി നിർണായകമായ ചോദ്യം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img