നാവികസേനയുടെ പൈലറ്റില്ലാ
യാനം യാത്ര തുടങ്ങി

കൊച്ചി: ഇത് ചരിത്ര മുഹൂർത്തം. നാവികസേനയ്ക്ക് വേണ്ടി വികസിപ്പിച്ച മനുഷ്യ സഹായമില്ലാതെ സഞ്ചരിക്കുന്ന സമുദ്രയാനമായ മാതംഗി പരീക്ഷണാർത്ഥമുള്ള യാത്ര തുടങ്ങി.മുംബൈയിൽ നിന്ന് തൂത്തിക്കോൺ വരെ 850 നോട്ടിക്കൽ മൈൽ ( 1500 കിലോമീറ്റർ) ആണ് കപ്പിത്താനും നാവികരുമില്ലാതെ മാതംഗി ബോട്ട് സഞ്ചരിക്കുന്നത്. മുംബൈയിൽ നിന്ന് കർണാടകയിലെ കർവാർ തുറമുഖം വരെ 350 നോട്ടിക്കൽ മൈൽ ( 600 കിലോമീറ്റർ)യാത്ര പൂർത്തിയാക്കി. രാത്രിയായിരുന്നു യാത്ര. കർവാറിൽ നിന്ന് തൂത്തിക്കോൺ വരെ ഇനി1000 കിലോമീറ്റർ കൂടി സഞ്ചരിക്കാനുണ്ട്. ആളില്ലാതെ സഞ്ചരിക്കാനും മറ്റ് ജലയാനങ്ങളുമായി കൂട്ടിയിടി ഒഴിവാക്കാനും തദ്ദേശിയമായി വികസിപ്പിച്ചെടുത്ത നാവിഗേഷൻ ആൻഡ് കോളീഷ്യൻ അവോയ്ഡൻസ് സോഫ്റ്റ് വെയർ സംവിധാനം ഉപയോഗിച്ചാണ് സഞ്ചാരം. ഭാവിയിൽ നാവികസേനയുടെ കപ്പലുകളിലും ഈ സംവിധാനം ഉപയോഗിച്ചേക്കും.ന്യൂഡെൽഹിയിലെ ഭാരത് മണ്ഡപത്തിൽ തുടങ്ങിയ സ്വാവലംബ് 2024 ൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് മാതംഗിയുടെ യാത്ര ഫ്ലാഗ്ഓഫ് ചെയ്തത്. സ്റ്റാർട്ടപ്പുകളുടെയും എംഎസ്എംഇകളുടെയും സഹകരണത്തോടെ സാഗർ ഡിഫൻസ് എൻജിനീയറിംഗാണ് പൈലറ്റില്ലാ സാങ്കേതിക വിദ്യ വികസിപ്പിത്. സാഗർമാല പരിക്രമയുടെ ഭാഗമായിട്ടാണിത്.









