
ദോഹ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിലവിലുള്ള പദവിയിൽ ഏകപക്ഷീയമായോ അല്ലാതെയോ മാറ്റങ്ങൾ വരുത്താനുള്ള ഏതൊരു ശ്രമത്തെയും ഖത്തർ ശക്തമായി എതിർക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജിദ് അൽ അൻസാരി വ്യക്തമാക്കി. അന്താരാഷ്ട്ര സമുദ്ര നിയമങ്ങൾക്ക് വിധേയമായുള്ള ഒരു അന്താരാഷ്ട്ര ജലപാതയാണ് ഹോർമുസ് കടലിടുക്കെന്നും ഇവിടെ കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തിന് യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകരുതെന്നതുമാണ് ഖത്തറിന്റെ ഉറച്ച നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും ഇതേ നിലപാടാണ് പങ്കുവെക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ദോഹയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെയും ചർച്ചകളെയും കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.
ഖത്തർ സന്ദർശിക്കുന്ന ഉന്നതതല യു.എസ് പ്രതിനിധി സംഘം ഖത്തരി ഉദ്യോഗസ്ഥരുമായും മധ്യസ്ഥരുമായും മേഖലയിലെ സുപ്രധാന വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഡോ. അൽ അൻസാരി സ്ഥിരീകരിച്ചു. ലബനൻ അടക്കമുള്ള വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ, ഈ സംഘം ഇറാനിയൻ പ്രതിനിധികളുമായി നേരിട്ട് ചർച്ചകൾ നടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം കാരണം ആരും ഒന്നും നേടുന്നില്ലെന്നും എല്ലാ കക്ഷികളും അതിന്റെ ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും ഡോ. അൽ അൻസാരി ചൂണ്ടിക്കാട്ടി. മുൻപ് ഖത്തറിന്റെ പരമാധികാരത്തിന് നേരെ ഉണ്ടായ ഭീഷണികളെ രാജ്യത്തിന്റെ ഭരണനേതൃത്വത്തിന്റെ വിവേകം കൊണ്ടും സായുധ സേനയുടെ കരുത്തു കൊണ്ടും പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകളും നയതന്ത്ര ചാനലുകളും സജീവമാണെന്നും പരസ്പര ബഹുമാനത്തിലൂന്നിയുള്ള സമാധാനപരമായ ചർച്ചകളിലൂടെ മാത്രമേ സുസ്ഥിരമായ പരിഹാരം സാധ്യമാകൂ എന്നും ഖത്തറിന്റെ വിദേശനയത്തിന്റെ ആണിക്കല്ല് ഇതുതന്നെയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം വാക്കുകൾ അവസാനിപ്പിച്ചത്.











