
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലുള്ള സ്വാതന്ത്ര്യസമര സേനാനി വേലുത്തമ്പി ദളവയുടെ പ്രതിമയിൽ പൊതുജനങ്ങളും സംഘടനകളും പുഷ്പാർച്ചന നടത്തുന്നതിന് വിലക്ക്. ഇനിമുതൽ പ്രതിമയിൽ പുഷ്പാർച്ചന നടത്താനോ കാണാനോ ആരെയും അനുവദിക്കില്ലെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. സെക്രട്ടേറിയറ്റിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അധികൃതർ വ്യക്തമാക്കി.
എല്ലാ വർഷവും ദളവയുടെ ജന്മദിനമായ മേയ് 6-നും കുണ്ടറ വിളംബര വാർഷികമായ ജനുവരി 11-നും വിവിധ സംഘടനകളും വ്യക്തികളും പ്രതിമയിൽ പുഷ്പാർച്ചന നടത്തിയിരുന്നു. ഈ ചടങ്ങുകൾക്ക് ഇനി അനുമതിയില്ല. പകരം ഈ വിശേഷ ദിവസങ്ങളിൽ സർക്കാർ പ്രതിനിധികൾ പ്രതിമയിൽ പുഷ്പാർച്ചന നടത്തും.
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതെങ്കിലും, പ്രതിമയിൽ പുഷ്പാർച്ചന നടത്താനെത്തിയ ആരും സുരക്ഷയ്ക്ക് തടസ്സമുണ്ടാക്കിയതായി റിപ്പോർട്ടുകളില്ല. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം സെക്രട്ടേറിയറ്റിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കിയിരുന്നു. മാധ്യമപ്രവർത്തകർക്ക് പോലും അകത്തേക്ക് പ്രവേശിക്കാൻ നിലവിൽ നിയന്ത്രണങ്ങളുണ്ട്. സെക്രട്ടേറിയറ്റ് വളപ്പിലെ ഏക പ്രതിമയാണ് വേലുത്തമ്പി ദളവയുടേത്.











