11:53pm 28 October 2026
NEWS
പുട്ടിനെതിരെ സൈനിക നീക്കം വേണ്ട; അഭ്യൂഹങ്ങൾ തള്ളി ട്രംപ്
10/01/2026  08:02 PM IST
nila
പുട്ടിനെതിരെ സൈനിക നീക്കം വേണ്ട; അഭ്യൂഹങ്ങൾ തള്ളി ട്രംപ്

വാഷിങ്ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതുപോലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെയും സൈനിക നടപടി ആസൂത്രണം ചെയ്യുന്നതായ അഭ്യൂഹങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ശക്തമായി നിഷേധിച്ചു. പുട്ടിനുമായി തനിക്കുള്ള ബന്ധം നല്ലതാണെന്നും അത്തരമൊരു നീക്കത്തിന്റെ ആവശ്യം താൻ കാണുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

മഡുറോയുടെ അറസ്റ്റിന് പിന്നാലെ “അടുത്തത് പുട്ടിനായിരിക്കുമോ” എന്ന തരത്തിലുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡ്മിർ സെലൻസ്‌കിയുടെ പരാമർശങ്ങളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് ട്രംപ് പ്രതികരിച്ചത്. “അത് ആവശ്യമുണ്ടാകുമെന്ന് തോന്നുന്നില്ല. പുട്ടിനുമായി എനിക്ക് നല്ല ബന്ധമാണുള്ളത്, അത് തുടരുമെന്നാണ് എന്റെ വിശ്വാസം,” ട്രംപ് പറഞ്ഞു. യുഎസ് എണ്ണ-വാതക കമ്പനികളുടെ മേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റഷ്യ–യുക്രെയ്ൻ യുദ്ധം നീണ്ടുനിൽക്കുന്നതിൽ കടുത്ത നിരാശയുണ്ടെന്നും ട്രംപ് തുറന്നുപറഞ്ഞു. താൻ ഇതുവരെ എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടുണ്ടെന്നും, ഈ സംഘർഷം താരതമ്യേന എളുപ്പത്തിൽ പരിഹരിക്കാവുന്ന ഒന്നായിരിക്കുമെന്നായിരുന്നു തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യുക്രെയ്‌നിലെ യുദ്ധക്കുറ്റങ്ങൾ ആരോപിക്കപ്പെട്ട് പുട്ടിനെതിരെ രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നതും സമാധാനനയതന്ത്ര ശ്രമങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നതായാണ് വിലയിരുത്തൽ.

കഴിഞ്ഞ ആഴ്ച കാരക്കസിൽ യുഎസ് സൈന്യം നടത്തിയ അപ്രതീക്ഷിത നീക്കത്തിലാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി അമേരിക്കയിലേക്ക് കൊണ്ടുപോയത്. മയക്കുമരുന്ന് കടത്ത് അടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് മഡുറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ പ്രതികരിച്ച സെലൻസ്‌കി, ഒരു ഏകാധിപതിയോട് ലോകം ഇങ്ങനെ പെരുമാറണമെങ്കിൽ അടുത്ത നടപടി എന്താണെന്ന് യുഎസിന് അറിയാമെന്ന് പുട്ടിനെ പരോക്ഷമായി ലക്ഷ്യംവച്ച് പറഞ്ഞിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img