
ദോഹ: കൊറിയറുകൾ കൈപ്പറ്റാൻ ഇനി വീട്ടിൽ കാത്തിരിക്കേണ്ടതില്ല! വീട്ടുകാർ പുറത്താണെങ്കിലും പാഴ്സലുകൾ സുരക്ഷിതമായി സ്വന്തമാക്കാൻ പുത്തൻ വിദ്യയുമായി ഖത്തർ പോസ്റ്റ് എത്തിയിരിക്കുന്നു. താക്കോലോ, ഇന്റർനെറ്റോ, കറണ്ടോ ഒന്നും തന്നെ ആവശ്യമില്ലാത്ത സ്മാർട്ട് ‘മൈ ബോക്സ്’ (My Box) സേവനത്തിനാണ് ഖത്തർ പോസ്റ്റ് ഔദ്യോഗികമായി തുടക്കമിട്ടിരിക്കുന്നത്.
വീടുകളിലും സ്ഥാപനങ്ങളിലും പ്രത്യേകം സജ്ജീകരിക്കുന്ന ഈ സുരക്ഷിത ബോക്സുകളിലേക്ക് കൊറിയറുകൾ ഡെലിവറി ചെയ്യാം. പാഴ്സൽ എത്തുന്ന മുറയ്ക്ക് ഉപയോക്താക്കൾക്ക് തൽക്ഷണ അറിയിപ്പും (Instant Notification) ലഭിക്കും. രാപ്പകലില്ലാതെ എപ്പോൾ വേണമെങ്കിലും ഉപയോക്താക്കൾക്ക് തങ്ങളുടെ പാഴ്സലുകൾ ഇതിൽ നിന്ന് എടുത്തുമാറ്റാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ നൂതന സേവനങ്ങൾ നൽകി ഉപഭോക്താക്കളുടെ ജീവിതം കൂടുതൽ എളുപ്പമാക്കുകയാണ് ഖത്തർ പോസ്റ്റിന്റെ ലക്ഷ്യം.










