06:33pm 10 May 2026
NEWS
പരസ്യത്തിന് മീതെ പരുന്തും പറക്കില്ല
10/05/2026  04:13 PM IST
പി. ജയചന്ദ്രൻ
പരസ്യത്തിന് മീതെ പരുന്തും പറക്കില്ല

അൽമുക്താദിർ ജ്വല്ലറി എന്ന പേരിൽ അരങ്ങേറിയ ആ സ്വർണ്ണത്തട്ടിപ്പിലൂടെ നൂറുക്കണക്കിന് പാവങ്ങൽ വഞ്ചിക്കപ്പെടുകയും ആയിരം കോടിയോളം രൂപയുടെ അടിച്ചുമാറ്റൽ നടത്തി, കേരളം കണ്ട ഏറ്റവും വലിയ സ്വർണ്ണത്തട്ടിപ്പായിരുന്നത്. സംസ്ഥാനത്ത് പലയിടത്തുമുണ്ടായിരുന്ന ജ്വല്ലറികൾ ഒന്നില്ലാതെ പൂട്ടി തട്ടിപ്പുസംഘം വിടുകയും ചെയ്തിട്ടും നമ്മുടെ മാധ്യമഭീമന്മാർക്ക് അതൊരു വലിയ വാർത്തയേ ആയില്ല. പരസ്യങ്ങൾ വാരിക്കോരി നൽകിയതിലുള്ള നന്ദി തന്നെയായിരിക്കാം കാരണം എന്നുകരുതാനേ കഴിയുന്നുള്ളൂ. ഒടുവിലിപ്പോൾ ആ കേസിലെ രണ്ടാം പ്രതിയും ജ്വല്ലറിയുടെ ഗ്ലോബൽ മാനേജരുമായ ഗുൽസാർ അഹമ്മദിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത വാർത്ത, പോലീസിൽ നിന്നും മുഖ്യധാരാ മാധ്യമങ്ങൾക്ക് നൽകിയെങ്കിലും അതും മുങ്ങിയതായാണ് വിവരം. പരസ്യത്തിന് മേൽ പരുന്തും പറക്കില്ല.

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ തമസ്‌ക്കരിച്ച അൽമുക്താദിർ ജ്വല്ലറിയുടെ തട്ടിപ്പുകഥ ആദ്യമായി ലോകത്തെത്തിച്ചത് 'കേരളശബ്ദ'മാണ്, 2025 മാർച്ചിൽ. ആൾ കേരളാ ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൾനാസറുമായുള്ള ഒരു അഭിമുഖത്തിലൂടെയായിരുന്നു അത്.

കാട്ടിലെ തടി; തേവരുടെ ആന

സ്വകാര്യ പണമിടപാടു സ്ഥാപനങ്ങൾ പോലും പരമാവധി 10 മുതൽ 15 വരെ ശതമാനം നിക്ഷേപ പലിശ വാഗ്ദാനം ചെയ്യുമ്പോൾ 30 മുതൽ 35 ശതമാനം വരെയായിരുന്നു അൽമുക്താദിർ വാഗ്ദാനം ചെയ്ത നിക്ഷേപപലിശ. അതായത് ബാങ്കുകൾ നൽകുന്നതിനേക്കാൾ രണ്ടും മൂന്നും ഇരട്ടി. എന്നുമാത്രമല്ല, മുസ്ലീം ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച്, ചില മതപുരോഹിതന്മാരെ ഇടലനിക്കാരും ബ്രാൻഡ് അംബാസിഡർമാരാക്കിയുമായിരുന്നു തട്ടിപ്പിന് തറയൊരുക്കിയത്. അതുകൊണ്ടുതന്നെ ഈ മതവിഭാഗത്തിൽപ്പെട്ടവരാണ് ചതിക്കുഴിയിൽ വീണവരിൽ 99 ശതമാനവും.

ഇരട്ടിക്കിരട്ടി പലിശ വാഗ്ദാനം ചെയ്ത് സ്വീകരിക്കുന്ന നിക്ഷേപത്തുകയിൽ വലിയൊരു ശതമാനവും പരസ്യത്തിനുവേണ്ടിയായിരുന്നു ചെലവഴിച്ചിരുന്നത്. അതായത് ഒരു ലക്ഷം രൂപ ഡെപ്പോസിറ്റ് ആയി സ്വീകരിച്ചാൽ അതിൽ 30 ശതമാനം വരെ നിക്ഷേപകർക്ക് പലിശയായി നൽകും. അതായത് 1 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിച്ചാൽ അതിൽ 30 ശതമാനം തുക ഡെപ്പോസിറ്റേഴ്‌സിനുതന്നെ പലിശയായി നൽകും. ഒരു വിഹിതം ഇടലനിലക്കാർക്കുള്ളതാണ്. പിന്നെയൊരു വലിയ പങ്ക് വൻകിട പത്രമാധ്യമങ്ങളിൽ പരസ്യം നൽകാനാണ് ചെലവിട്ടിരുന്നത്. പിന്നെ, പിന്നെ 5 മുതൽ 10 ശതമാനം വരെ പണിക്കൂലിയുള്ള സാധനങ്ങൾ 0 ശതമാനം പണിക്കൂലിയിൽ കൊടുക്കുകയും ചെയ്തിരുന്നു. അതായത് 1 രൂപയുടെ 50 ശതമാനത്തിലധികം ഈ രീതിയിൽ ചെലവിട്ടശേഷം ശേഷിക്കുന്നത് സ്വന്തം ലാഭമാക്കി മാറ്റുകയായിരുന്നു രീതി.
മുസ്ലീം ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ചില മതപുരോഹിതന്മാരെ ഇടനിലക്കാരും ബ്രാൻഡ് അംബാസിഡർമാരുമൊക്കെയാക്കി അൽമുക്താദിർ തട്ടിയെടുത്ത കോടികൾ എത്രയാണെന്ന് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല എന്നാണറിയുന്നത്. അതിൽ ഏറിയപങ്കും മുസ്ലീം സമുദായത്തിൽപ്പെട്ടവരിൽ നിന്നായിരുന്നു.

സ്വർണ്ണവ്യാപാരവുമായി പുലബന്ധം പോലും ഇല്ലാതിരുന്ന മുഹമ്മദ് മൻസൂർ അബ്ദുൾ സലാം മറ്റ് പല ബിസിനസ് തട്ടിപ്പുകളും നടത്തി മുങ്ങി ഗൾഫിൽ പോയി, അവിടെ ചിട്ടിയും മറ്റും നടത്തി പൊട്ടിതിരിച്ചുവന്ന് ഒരു മൗലവിയെ ബ്രാൻഡ് അംബാസിഡറാക്കി മുന്നിൽ നിർത്തിക്കൊണ്ടാണ് ജ്വല്ലറികൾ ആരംഭിച്ചതും, കോടികൾ നിക്ഷേപമായി സ്വീകരിച്ചതും. അപ്പോഴൊക്കെയും വ്യവസ്ഥാപിതമായി സ്വർണ്ണവ്യാപാരം നടത്തിക്കൊണ്ടിരുന്ന ജ്വല്ലറി ഉടമകളും അവരുടെ സംഘടനകളും ആ തട്ടിപ്പിനെപ്പറ്റിയുള്ള മുന്നറിയിപ്പുകൾ അറിയിക്കേണ്ടവരെ അറിയിച്ചെങ്കിലും, എന്തിനും ഏതിനും പരമ്പര പടയ്ക്കുന്ന മാധ്യമങ്ങൾ പോലും ഒന്നും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു. പച്ചത്തൊപ്പിയും പച്ച ബ്ലൗസും പച്ച കൂർത്തയും ധരിച്ചുള്ള തന്റെ ഫുൾസൈസ് ഫോട്ടോയും വച്ചായിരുന്നു ഇയാളുടെ പരസ്യങ്ങളൊക്കെയും.

ഏതായാലും ഹിന്ദുക്കളുടെയോ ക്രിസ്ത്യാനികളുടെയോ ആഭരണങ്ങൾ വിൽക്കാതെ മുസ്ലീം ആഭരണങ്ങൾ മാത്രമേ വിൽക്കുകയുള്ളൂ എന്ന നിലപാടിൽ നിന്നുകൊണ്ടാണ് ഇയാൾ ഈ വമ്പൻ തട്ടിപ്പുനടത്തിയത്. കേരളമെങ്ങും ബ്രാഞ്ചുകളുള്ളതും, ഒരേ പ്രദേശത്തുതന്നെ ഒന്നിലേറെ ബ്രാഞ്ചുകളുള്ളതുമായ വൻകിട ജ്വല്ലറി എന്തൊക്കെ പത്രപരസ്യം ചെയ്തും മതപുരോഹിതരെ ഇടനിലക്കാരാക്കിയുമൊക്കെ വലിയ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചതോടൊപ്പം, ഒരു വർഷം കഴിഞ്ഞ് സ്വർണ്ണം കൊടുക്കാം എന്ന പേരിലും കോടികളാണ് ഇയാൾ തട്ടിയെടുത്തത്. ആ വാക്ക് വിശ്വസിച്ച് മക്കളുടെ വിവാഹത്തിന് സ്വർണ്ണം വാങ്ങുവാൻ കരുതിവച്ചിരുന്ന തുക ഒന്നാകെ ഇയാളുടടുക്കൽ നിക്ഷേപമായി നൽകിയ നൂറുകണക്കിന് പാവങ്ങളാണ് ഇന്നും ഗതികിട്ടാപ്രേതങ്ങളെപ്പോലെ അലയുന്നത്.

വ്യക്തമായ ഒരു കേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ല

ഈവിധം തട്ടിപ്പിനിരകളായ നൂറുകണക്കിന് നിക്ഷേപകരുടെ പരാതിയുണ്ടായിട്ടും വ്യക്തമായ ഒരു കേസ് ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്നാണ് ആൾ കേരളാ ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. നാസർ 'കേരളശബ്ദ'ത്തോട് പറഞ്ഞത്.

ഇയാളുടെ തട്ടിപ്പിനെക്കുറിച്ച് നേരത്തെതന്നെ ജനങ്ങൾക്കും അധികാരികൾക്കും തങ്ങൾ മുന്നറിയിപ്പുനൽകിയിരുന്നു. പരമ്പരാഗത സ്വർണ്ണ വ്യാപാരമേഖല ചെയ്യുന്ന വ്യാപാരത്തിനേക്കാൾ, പണിക്കൂലി ഇല്ലെന്നുള്ള തട്ടിപ്പുപരസ്യവുമായി വന്നാണ് ഇയാൾ നിക്ഷേപകരെ കൊള്ളയടിച്ചത്. ഒരു മതവിഭാഗത്തിന്റെ എല്ലാ ചിഹ്നങ്ങളും പേരുകളും ഉപയോഗിച്ച്, ആരാധനാലയങ്ങളേയും പുരോഹിതന്മാരേയും ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പൊക്കെയും.

ഏതായാലും അൽമുക്താദിർ ജ്വല്ലറി ഉടമ മുഹമ്മദ് മൻസൂർ സലാമിനെതിരെ ഇപ്പോൾ മാത്രം സടകുടഞ്ഞെഴുന്നേറ്റ പോലീസ് ഇയാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് അറിയുവാൻ കഴിയുന്നത്. ഒപ്പം കേസിലെ രണ്ടാം പ്രതിയും ജ്വല്ലറിയുടെ ഗ്ലോബൽ മാനേജരുമായ ഗുൽസാർ അഹമ്മദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ചാരാച്ചിറയിലെ ഒരു ഫ്‌ളാറ്റിൽ ഒളിവിൽ കഴിയവെയാണത്രെ ഗുൽസാർ അഹമ്മദ് പിടിയിലായത്.

വർഷത്തിൽ 25 ശതമാനം വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപത്തട്ടിപ്പിന് തുടക്കം. കൂടാതെ പണിക്കൂലിയും പണിക്കുറവും ഇല്ലാതെ സ്വർണ്ണം നൽകാമെന്ന് വാഗ്ദാനം ചെയ്തും ആളുകളെ വലയിലാക്കി. ഇത്തരത്തിൽ നിരവധി സ്‌കീമുകളാണ് ഇയാൾ പുറത്തിറക്കിയത്. സ്‌കീമുകൾ ചർച്ചയായതോടെ ജ്വല്ലറിയുടെ ഇടപാടുകളിൽ ദുരൂഹത ഉയർന്നു. ആദായനികുതി വകുപ്പ് ജ്വല്ലറിയിൽ റെയിഡ് നടത്തി കോടികളുടെ വെട്ടിപ്പുകണ്ടെത്തി. തുടർന്നാണ് ജ്വല്ലറിയുടെ ശാഖകൾ ഒന്നൊന്നായി അടച്ചുപൂട്ടി. വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപിച്ച പണമോ തിരികെ കിട്ടാതെ നിക്ഷേപകർ കൂട്ടമായി പോലീസിൽ പരാതി നൽകി. അതോടെ ഒളിവിൽപോയ ഉടമ മുഹമ്മദ് മൻസൂറിനെ വർഷം ഒന്നരകഴിഞ്ഞിട്ടും പിടിക്കാനായിട്ടില്ല. തിരുവനന്തപുരത്തുമാത്രം 320 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തട്ടിപ്പിന് കൂട്ടുനിന്ന ഒട്ടേറെ ഇടനിലക്കാരായ പുരോഹിതന്മാരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്.

ഏതായാലും രണ്ടാം പ്രതിയും ഗ്ലോബൽ മാനേജരുമായ ഗുൽസാർ അഹമ്മദിന്റെ അറസ്റ്റ് സംബന്ധമായ വിവരവും പോലീസിൽ നിന്ന് എല്ലാ മാധ്യമങ്ങൾക്കും നൽകിയിട്ടും എന്തുകൊണ്ടോ ആരും അത് കണ്ടതായി നടിച്ചിട്ടില്ല എന്നും, എന്താണ് അതിനുപിന്നിലെ അന്തർധാരയെന്നറിയില്ല എന്നുമാണ് അഡ്വ. നാസർ പറയുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img