10:55pm 17 September 2026
NEWS
യുപിഐ ഇടപാടുകൾക്ക് 18ശതമാനം ജിഎസ്ടിയോ? യഥാർഥത്തിൽ സംഭവിക്കുന്നത് ഇതാണ്; പുതിയ നിരക്കുകൾ ഇങ്ങനെ
17/09/2026  09:16 PM IST
nila
യുപിഐ ഇടപാടുകൾക്ക് 18ശതമാനം ജിഎസ്ടിയോ? യഥാർഥത്തിൽ സംഭവിക്കുന്നത് ഇതാണ്; പുതിയ നിരക്കുകൾ ഇങ്ങനെ

ന്യൂഡൽഹി: 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. യു.പി.ഐ ഇടപാട് തുകയ്ക്കല്ല, വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റിനാണ് (എംഡിആർ) ജിഎസ്ടി ബാധകമാകുകയെന്ന് അധികൃതർ അറിയിച്ചു.

എംഡിആറിന്മേൽ ഈടാക്കുന്ന ജിഎസ്ടി, അർഹരായ ജിഎസ്ടി രജിസ്റ്റർ ചെയ്ത വ്യാപാരികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) വഴി ക്രമീകരിക്കാനും സാധിക്കും. അതിനാൽ യു.പി.ഐ ഇടപാടുകൾക്ക് നേരിട്ട് 18 ശതമാനം നികുതി വരുമെന്ന പ്രചാരണം ശരിയല്ലെന്നാണ് സർക്കാർ വിശദീകരണം.

ഒക്ടോബർ 15 മുതൽ പുതിയ എംഡിആർ

പുതിയ നിരക്കുകൾ ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് 2,000 രൂപയ്ക്ക് മുകളിലുള്ള വ്യാപാരി യു.പി.ഐ ഇടപാടുകൾക്ക് (P2M) 0.4 ശതമാനം എംഡിആർ ഈടാക്കും. ഒരു ഇടപാടിന് പരമാവധി 300 രൂപയായിരിക്കും എംഡിആർ പരിധി.

അതേസമയം റെയിൽവേ, ടെലികോം സേവനങ്ങൾ, ഇൻഷുറൻസ്, ഇന്ധനം തുടങ്ങിയ നിർദിഷ്ട വിഭാഗങ്ങളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് 5 രൂപയുടെ ഫ്ലാറ്റ് എംഡിആർ നിരക്കായിരിക്കും ബാധകമാകുക.

എംഡിആർ തുക ഉപഭോക്താക്കളിൽ നിന്ന് വ്യാപാരികൾ ഈടാക്കുന്ന സാഹചര്യമുണ്ടാകാതിരിക്കാൻ പേയ്മെന്റ് അഗ്രഗേറ്റർമാരുമായി ചർച്ചകൾ നടത്തിയതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ജിഎസ്ടി ബാധകമാകുന്നത് യുപിഐ തുകയ്ക്കല്ല

നികുതി വിദഗ്ധരുടെ വിശദീകരണമനുസരിച്ച്, 2,000 രൂപയുടെ യു.പി.ഐ ഇടപാടിന് നേരിട്ട് 18 ശതമാനം ജിഎസ്ടി ചുമത്തുകയല്ല ചെയ്യുന്നത്. പകരം വ്യാപാരിയിൽ നിന്ന് ഈടാക്കുന്ന എംഡിആർ സേവനച്ചാർജിനാണ് 18 ശതമാനം ജിഎസ്ടി ബാധകമാകുന്നത്.

ജിഎസ്ടി രജിസ്ട്രേഷൻ ഉള്ള അർഹരായ വ്യാപാരികൾക്ക് ഈ ജിഎസ്ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റായി ക്ലെയിം ചെയ്യാൻ സാധിക്കും. ഇത് രജിസ്റ്റർ ചെയ്ത വ്യാപാരികൾക്ക് നികുതി ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് എഎംആർജി ഗ്ലോബൽ മാനേജിംഗ് പാർട്ണർ രജത് മോഹൻ വ്യക്തമാക്കി.

വലിയ സ്ഥാപനങ്ങൾക്ക് ഐടിസിയുടെ ആനുകൂല്യം

ജിഎസ്ടി രജിസ്റ്റർ ചെയ്ത വലിയ സ്ഥാപനങ്ങൾക്ക് എംഡിആറിന്മേൽ നൽകുന്ന ജിഎസ്ടിയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കുന്നതിനാൽ അധിക നികുതി ഭാരം കുറയ്ക്കാൻ കഴിയുമെന്ന് നംഗിയ ഗ്ലോബൽ എക്സിക്യൂട്ടീവ് ഡയറക്ടർ ശിവകുമാർ രാംജി പറഞ്ഞു.

2,000 രൂപയിൽ താഴെയുള്ള യു.പി.ഐ ഇടപാടുകൾക്കും ചെറിയ കടകൾക്കും നിലവിലെ ഘടനയിൽ ഇളവുണ്ട്. എന്നാൽ ജിഎസ്ടി പരിധിയിൽ വരാത്ത വ്യാപാരികൾക്കും നികുതി ഇളവുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കും എംഡിആർ ചാർജിന്മേലുള്ള ജിഎസ്ടി സ്വയം വഹിക്കേണ്ടി വരാൻ സാധ്യതയുണ്ട്.

ബാങ്കുകൾ നൽകുന്ന ജിഎസ്ടി ഇൻവോയ്സിന്റെ അടിസ്ഥാനത്തിൽ അർഹരായ വ്യാപാരികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് പ്രയോജനപ്പെടുത്താനാകുമെന്ന് ഇ.വൈ ഇന്ത്യ ടാക്സ് പാർട്ണർ സൗരഭ് അഗർവാളും വ്യക്തമാക്കി.

പുതിയ നിരക്കുകൾ നിലവിൽ വന്നാലും ഇത് വ്യാപാരികളെ പണമിടപാടുകളിലേക്ക് തിരിച്ചുവിടുകയോ യു.പി.ഐ ഉപയോഗം കുറയ്ക്കുകയോ ചെയ്യില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. യു.പി.ഐ ഇടപാടുകൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, പുതിയ സംവിധാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉയർന്നാൽ ജിഎസ്ടി കൗൺസിൽ അത് പരിശോധിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img