
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ഡിഎംകെ-കോൺഗ്രസ് തർക്കം കൂടുതൽ രൂക്ഷമാകുന്നു. ഡിഎംകെ വിട്ട് നടൻ വിജയ്‌യുടെ 'തമിഴക വെട്രി കഴകം' സഖ്യത്തിലേക്ക് ചേക്കേറിയ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. ചെന്നൈയിൽ നടന്ന പാർട്ടി യോഗത്തിൽ അണികളെ അഭിസംബോധന ചെയ്യവെയാണ് ഉദയനിധി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. കോൺഗ്രസിന് അടിസ്ഥാന മര്യാദയോ നന്ദിയോ ഇല്ലെന്നും ആ പാർട്ടിയെ ഇനി ഒരിക്കലും വിശ്വസിക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു.
ബിജെപിയുടെ ദേശീയതലത്തിലെ വളർച്ചയ്ക്ക് കാരണം കോൺഗ്രസാണെന്ന ഗുരുതരമായ ആരോപണവും ഉദയനിധി ഉന്നയിച്ചു. "നരേന്ദ്ര മോദിയും അമിത് ഷായുമാണ് ബിജെപിയുടെ തുടർച്ചയായ വിജയങ്ങൾക്ക് പിന്നിലെന്നാണ് ഞാൻ ആദ്യം കരുതിയിരുന്നത്. എന്നാൽ അവരുടെ ആധിപത്യത്തിന് പിന്നിലെ യഥാർത്ഥ കാരണം കോൺഗ്രസ് തന്നെയാണ്."— ഉദയനിധി സ്റ്റാലിൻ പറഞ്ഞു
കഠിനാധ്വാനം മറന്ന് നന്ദികേട് കാട്ടി
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഡിഎംകെ പ്രവർത്തകർ ചോരനീരാക്കി പണിയെടുത്ത കാര്യം ഉദയനിധി ഓർമ്മിപ്പിച്ചു. ഇത്രയധികം പിന്തുണ നൽകിയിട്ടും കോൺഗ്രസ് കാട്ടിയത് തികഞ്ഞ നന്ദികേടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വരും ദിവസങ്ങളിലെ രാഷ്ട്രീയ പോരാട്ടങ്ങളിൽ കോൺഗ്രസിനെ കൂടെക്കൂട്ടരുത് എന്ന് അണികളോട് ആഹ്വാനം ചെയ്ത അദ്ദേഹം, തമിഴ്നാട്ടിലെ ജനങ്ങൾ കോൺഗ്രസിന് വരും തെരഞ്ഞെടുപ്പിൽ ഉചിതമായ പാഠം പഠിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാതിരുന്ന വിജയ്‌യുടെ ടിവികെയെ മന്ത്രിസഭാ രൂപീകരിക്കാൻ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചതാണ് ഡിഎംകെയെ ചൊടിപ്പിച്ചത്. കോൺഗ്രസിന്റെ ഈ നീക്കത്തിനെതിരെ ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ നേരത്തെ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ ഉദയനിധിയും കോൺഗ്രസിനെതിരെ കടുത്ത നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.










