
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വയംഭരണ എയ്ഡഡ്, സ്വയംഭരണ സ്വാശ്രയ കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നതിനും നിലവിലുള്ള സ്വാശ്രയ കോഴ്സുകളിൽ സീറ്റുകൾ സ്ഥിരമായി വർധിപ്പിക്കുന്നതിനും സർക്കാർ അനുമതി ഒഴിവാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. മുൻകൂർ എൻ.ഒ.സി. വേണമെന്ന വ്യവസ്ഥ നീക്കിയ സർക്കുലറിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയതോടെ തീരുമാനം വിവാദമായി.
പുതിയ നിർദേശപ്രകാരം ഈ കോളേജുകൾ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്ന വിവരം മുൻകൂട്ടി അറിയിച്ചാൽ മതിയാകും. സംസ്ഥാനത്തെ 37 സ്വയംഭരണ എയ്ഡഡ് കോളേജുകൾക്കും 23 സ്വയംഭരണ സ്വാശ്രയ കോളേജുകൾക്കുമാണ് ഇളവിന്റെ പ്രയോജനം ലഭിക്കുക.
തിരുവനന്തപുരം മാർ ഇവാനിയോസ്, കോട്ടയം സി.എം.എസ്., ചങ്ങനാശേരി അസംപ്ഷൻ, കോതമംഗലം മാർ അത്തനേഷ്യസ് തുടങ്ങിയ എയ്ഡഡ് സ്വയംഭരണ കോളേജുകൾ ഇതിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം മാർ ബസേലിയോസ് എൻജിനിയറിങ് കോളേജ്, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിങ് കോളേജ് തുടങ്ങിയ സ്വയംഭരണ സ്വാശ്രയ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്.
സ്വയംഭരണ പദവിയില്ലാത്ത അൺഎയ്ഡഡ്, സ്വാശ്രയ കോളേജുകൾക്ക് പുതിയ കോഴ്സുകൾ തുടങ്ങാൻ തുടർന്നും എൻ.ഒ.സി. ആവശ്യമാണ്. അതേസമയം, ഏതു വിഭാഗത്തിലുള്ള കോളേജായാലും എയ്ഡഡ് കോഴ്സുകൾ ആരംഭിക്കുന്നതിനും അവയിലെ സീറ്റുകൾ സ്ഥിരമായി വർധിപ്പിക്കുന്നതിനും സർക്കാർ അനുമതി വേണം. ഈ അനുമതി ആവർത്തിച്ച് പുതുക്കേണ്ടതില്ല.
സ്വാശ്രയ കോളേജുകൾ വർഷംതോറും എൻ.ഒ.സി. പുതുക്കണമെന്ന വ്യവസ്ഥയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മൂന്നുവർഷത്തിലൊരിക്കൽ പുതുക്കിയാൽ മതിയാകും. അൺഎയ്ഡഡ്, സ്വാശ്രയ കോളേജുകളിലെ നിലവിലുള്ള കോഴ്സുകളുടെ സീറ്റ് വർധനയിൽ സർവകലാശാലകൾക്ക് തീരുമാനമെടുക്കാം. പ്രവേശന നടപടികൾ പൂർത്തിയായശേഷം പുതുതായി ആരംഭിച്ച കോഴ്സുകളുടെയും വർധിപ്പിച്ച സീറ്റുകളുടെയും വിവരങ്ങൾ സർവകലാശാലകൾ സർക്കാരിന് റിപ്പോർട്ട് ചെയ്യണം.
സ്വയംഭരണ സ്വാശ്രയ കോളേജ് പ്രതിനിധികൾ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് സർക്കുലർ പുറത്തിറങ്ങിയത്.
അക്കാദമിക് സ്വയംഭരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്നും സർക്കാർ കോളേജുകളെ ഇത് ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. എയ്ഡഡ് കോളേജുകളിലെ അധ്യാപക–അനധ്യാപക ജീവനക്കാരുടെ ശമ്പളം സർക്കാർ നൽകുന്നുണ്ടെങ്കിലും മാനേജ്മെന്റുകൾ നടത്തുന്ന സ്വാശ്രയ വിഭാഗങ്ങളുടെ ശമ്പളബാധ്യത സർക്കാരിനില്ല. പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണം വസ്തുതകൾ മനസ്സിലാക്കാതെയാണെന്നും മന്ത്രി പ്രതികരിച്ചു.
എന്നാൽ ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വകാര്യ മാനേജ്മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കുന്നതാണ് സർക്കുലറെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.










