02:30am 21 November 2026
NEWS
റോഡ് മുറിച്ചുകടന്ന കോഴി; പെട്ടെന്ന് ബ്രേക്കിട്ട ഡ്രൈവർക്കെതിരെ കേസ്; യുവതിക്ക് 11 ലക്ഷം രൂപ പിഴ!
20/11/2026  12:45 PM IST
nila
റോഡ് മുറിച്ചുകടന്ന കോഴി; പെട്ടെന്ന് ബ്രേക്കിട്ട ഡ്രൈവർക്കെതിരെ കേസ്; യുവതിക്ക് 11 ലക്ഷം രൂപ പിഴ!

 

റോഡ് മുറിച്ചുകടന്ന കോഴിയെ രക്ഷിക്കാൻ മുന്നിലെ കാർ പെട്ടെന്ന് ബ്രേക്കിട്ടു. പിന്നാലെ വന്ന സ്വകാര്യ വാഹനത്തിന്റെ ഡ്രൈവറും കൂട്ടിയിടി ഒഴിവാക്കാൻ ശക്തമായി ബ്രേക്കിട്ടതോടെ യാത്രക്കാരിക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ ഡ്രൈവർക്കെതിരെ കോടതിയിൽ കേസ് നൽകിയ യുവതിക്ക് ഒടുവിൽ തിരിച്ചടിയായി വിധി. കേസ് തള്ളിയ കോടതി യുവതിയോട് 15,000 സിംഗപ്പൂർ ഡോളർ (ഏകദേശം 11 ലക്ഷം രൂപ) നിയമച്ചെലവായി നൽകാനും ഉത്തരവിട്ടു.

സിംഗപ്പൂരിലാണ് കൗതുകകരമായ ഈ സംഭവം. കോഴി റോഡ് മുറിച്ചുകടന്നതിനെ തുടർന്നുണ്ടായ സംഭവത്തിൽ ഡ്രൈവറെ കുറ്റക്കാരനാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത ദുരന്തങ്ങളിലൊന്നായി ഇതിനെ വിശേഷിപ്പിച്ച ജില്ലാ ജഡ്ജി ജോനാഥൻ എൻജി, യുവതിയുടെ നഷ്ടത്തിന് എല്ലായ്പ്പോഴും മറ്റൊരാൾ ഉത്തരവാദിയാകണമെന്നില്ലെന്നും വ്യക്തമാക്കി. വിധിക്കെതിരെ യുവതി ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.

യവോൺ ചെൻ എന്ന യുവതി 2024 ഫെബ്രുവരി 19ന് ടാൻ ടെങ് കിയാറ്റ് ഓടിച്ച സ്വകാര്യ വാടക വാഹനത്തിൽ ഹോളണ്ട് റോഡിലൂടെ യാത്ര ചെയ്യുകയായിരുന്നു. ഇവർ സഞ്ചരിച്ച വാഹനത്തിന് മുന്നിലുണ്ടായിരുന്ന കാർ റോഡിലേക്ക് പെട്ടെന്ന് എത്തിയ കോഴിയെ രക്ഷിക്കാൻ അടിയന്തരമായി ബ്രേക്കിട്ടു. കൂട്ടിയിടി ഒഴിവാക്കാൻ ടാൻ ടെങ് കിയാറ്റും ശക്തമായി ബ്രേക്കിട്ടതോടെ വാഹനത്തിലുണ്ടായിരുന്ന ചെൻ മുന്നിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റതായാണ് യുവതി പരാതിയിൽ ആരോപിച്ചത്.

മുന്നിലെ വാഹനത്തോട് വളരെ അടുത്ത് യാത്ര ചെയ്തതാണ് ഡ്രൈവർ പെട്ടെന്ന് ബ്രേക്കിടാൻ കാരണമായതെന്നും, അപകടം മുന്നിൽക്കണ്ട് പ്രതികരിക്കാനോ ശരീരം നിയന്ത്രിക്കാനോ തനിക്ക് സമയം ലഭിച്ചില്ലെന്നും യുവതി കോടതിയിൽ വാദിച്ചു. എന്നാൽ, അപകടസമയത്ത് താൻ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെന്നും മുന്നിലെ വാഹനവുമായി ഏകദേശം 10 മീറ്റർ അകലം പാലിച്ചിരുന്നുവെന്നും ഡ്രൈവർ വ്യക്തമാക്കി.

സിംഗപ്പൂർ ഹൈവേ നിയമപ്രകാരം വാഹനത്തിന്റെ വേഗത ഓരോ 16 കിലോമീറ്ററിനും മുന്നിലുള്ള വാഹനവുമായി കുറഞ്ഞത് ഒരു കാറിന്റെ നീളമെങ്കിലും അകലം പാലിക്കണം. മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ഏകദേശം മൂന്ന് കാറുകളുടെ നീളം, അതായത് 12 മുതൽ 15 മീറ്റർ വരെ അകലം പാലിക്കേണ്ടതുണ്ട്.

എന്നാൽ, ഡ്രൈവർ പാലിച്ച അകലം മതിയായിരുന്നോ എന്ന് പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് ജഡ്ജി നിരീക്ഷിച്ചു. മുന്നിലുണ്ടായിരുന്ന വാഹനത്തിൽ ഇടിക്കാതെ നിർത്താൻ ഡ്രൈവർക്ക് കഴിഞ്ഞു. സംഭവങ്ങളുടെ പെട്ടെന്നുള്ള തുടർച്ച കണക്കിലെടുക്കുമ്പോൾ സാധാരണ രീതിയിൽ ബ്രേക്കിടാൻ ഡ്രൈവർക്കു കഴിയുമായിരുന്നില്ലെന്നും അതിനാൽ കൂടുതൽ എന്തെങ്കിലും ചെയ്യാൻ അദ്ദേഹത്തോട് പ്രതീക്ഷിക്കുന്നത് യാഥാർഥ്യബോധമില്ലാത്ത കാര്യമാണെന്നും കോടതി വിലയിരുത്തി.

ചെൻ നേരത്തെ സമാനമായ മറ്റ് രണ്ട് വാഹനാപകട കേസുകളിലും ജില്ലാ കോടതിയിൽ പരാതിക്കാരിയാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ആ കേസുകളിലും സ്വകാര്യ വാടക വാഹനത്തിലോ ഭർത്താവിന്റെ കാറിലോ യാത്രക്കാരിയായിരിക്കെയാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ പരിക്കേറ്റത് യുവതിയുടെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യമാണെന്നും അവർ നിരപരാധിയായ യാത്രക്കാരിയാണെന്നും കോടതി അംഗീകരിച്ചു. എന്നാൽ മറ്റൊരാൾക്ക് സംഭവിക്കുന്ന എല്ലാ ദുരിതങ്ങൾക്കും നഷ്ടങ്ങൾക്കും നിയമപരമായി ഒരാളെ ഉത്തരവാദിയാക്കണമെന്നില്ലെന്നും ജഡ്ജി പറഞ്ഞു.

“അപൂർണമായ ഈ ലോകത്ത് ചില നഷ്ടങ്ങൾ സംഭവിക്കുന്നിടത്ത് തന്നെ സഹിക്കേണ്ടിവരും. കോഴി റോഡ് മുറിച്ചുകടന്നതിനെ തുടർന്നുണ്ടായ ഈ സംഭവം നിർഭാഗ്യകരമായിരുന്നെങ്കിലും ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളുടെ ഭാഗമാണ്,” എന്നായിരുന്നു ജഡ്ജിയുടെ നിരീക്ഷണം.

സിംഗപ്പൂരിൽ സ്വതന്ത്രമായി അലഞ്ഞുനടക്കുന്ന കോഴികളും നാടൻ കാട്ടുകോഴികളും പല പ്രദേശങ്ങളിലും പതിവായി കാണപ്പെടാറുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ താമസമേഖലകളിൽ അലഞ്ഞുതിരിയുന്ന കോഴികളെ സംബന്ധിച്ച് പ്രതിവർഷം ശരാശരി 2,000 പരാതികളും പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ടെന്ന് ദേശീയ വികസന മന്ത്രാലയം ജനുവരി 14ന് പാർലമെന്റിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.

അപകടത്തിന് കാരണമായ കോഴിക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നത് വ്യക്തമല്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img