04:15pm 09 November 2026
NEWS
അടുത്ത രണ്ടു മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയില്ല; പുറമേനിന്ന് വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി
09/11/2026  03:54 PM IST
nila
അടുത്ത രണ്ടു മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയില്ല; പുറമേനിന്ന് വൈദ്യുതി വാങ്ങേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി

 

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ. ഈ കാലയളവിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ. പ്രശാന്തും ഊർജ സെക്രട്ടറിയും മുഖ്യമന്ത്രി വി.ഡി. സതീശനെ അറിയിച്ചു. ഇതോടെ പുതിയ ഹ്രസ്വകാല വൈദ്യുതി കരാറുകൾ തൽക്കാലം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. ഗ്രീൻ എനർജി ഓപ്പൺ ആക്സസ് (ജി.എൻ.എ) വഴി പുതിയ വൈദ്യുതി വാങ്ങാനുള്ള നീക്കവും ഇതോടെ മരവിപ്പിച്ചേക്കും.

സുതാര്യമായ ടെൻഡർ നടപടികളോ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയോ ഇല്ലാതെ ജി.എൻ.എ വഴി 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ തീരുമാനിച്ചത് നേരത്തെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വൈദ്യുതി കരാറുകൾ തൽക്കാലം വേണ്ടെന്ന തീരുമാനം.

സംസ്ഥാനത്ത് യഥാർഥത്തിൽ വൈദ്യുതി ക്ഷാമമില്ലെങ്കിൽ പ്രതിസന്ധിയുണ്ടെന്ന പ്രചാരണം കൃത്രിമമായി സൃഷ്ടിച്ചതാണോ എന്ന സംശയവും സർക്കാരിനുണ്ട്. വൈദ്യുതി ക്ഷാമം ചൂണ്ടിക്കാട്ടി മുൻ കെ.എസ്.ഇ.ബി ചെയർമാൻ രാജമാണിക്യം നൽകിയ കുറിപ്പിന്റെ പശ്ചാത്തലം പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

ഉടൻ പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ സംസ്ഥാനത്ത് പവർകട്ട് അനിവാര്യമാകുമെന്നായിരുന്നു രാജമാണിക്യത്തിന്റെ മുന്നറിയിപ്പ്. അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിന് പിന്നിലെ സാഹചര്യം എന്താണെന്നാണ് സർക്കാർ പരിശോധിക്കുന്നത്. വൈദ്യുതി പ്രതിസന്ധിയില്ലാത്ത സാഹചര്യത്തിൽ ഹിമാചൽ പ്രദേശിൽനിന്ന് വൈദ്യുതി വാങ്ങാൻ ഇത്രയധികം സമ്മർദം ചെലുത്തിയതിന്റെ കാരണവും മുഖ്യമന്ത്രി ആരാഞ്ഞതായാണ് വിവരം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img