
ദോഹ:ഭാവിയിലെ ഗതാഗതത്തിന്റെ നേർക്കാഴ്ചയാണ് ഖത്തറിൽ ആരംഭിച്ച റോബോ ടാക്സി സേവനം. രാജ്യത്തെ മുൻനിര ഗതാഗതസേവനദാതാക്കളായ മുവാസലത്ത് (കർവ) ഖത്തറിലെ ആദ്യ സ്വയം ഓടുന്ന ടാക്സി സർവീസ് ആരംഭിച്ചു. ഗതാഗത മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടപ്പാക്കിയ ഈ സംരംഭം, ഖത്തർ നാഷണൽ വിഷൻ 2030 ലക്ഷ്യങ്ങളോട് ചേർന്ന് സ്മാർട്ട്, സുസ്ഥിര ഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതാണ്.
യാത്രക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിരയിൽ വച്ചാണ് റോബോ ടാക്സികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 11 ക്യാമറകൾ, നാല് റഡാറുകൾ, നാല് ലൈഡാർ സെൻസറുകൾ എന്നിവ ചേർന്ന അത്യാധുനിക സംവിധാനത്തിലൂടെ വാഹനം പരിസരം മുഴുവൻ നിരീക്ഷിച്ച് കൃത്യമായ നാവിഗേഷൻ നടത്തുന്നു. തത്സമയ തടസ്സ കണ്ടെത്തലും സുരക്ഷിതമായ പ്രതികരണവും ഇതിലൂടെ ഉറപ്പാക്കുന്നു.
സാങ്കേതിക തകരാർ സംഭവിക്കുന്ന അപൂർവ സാഹചര്യങ്ങളിലും യാത്ര സുരക്ഷിതമാക്കുന്നതിനായി, അടുത്ത സുരക്ഷിത സ്ഥാനത്തേക്ക് വാഹനം സ്വയം നീങ്ങുന്ന ബാക്കപ്പ് സംവിധാനവും സജ്ജമാണ്. റോബോ ടാക്സികളിൽ നിന്നുള്ള എല്ലാ പ്രവർത്തനങ്ങളും യാത്രക്കാരുടെ വിവരങ്ങളും ഖത്തറിനുള്ളിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കുന്നതായും, ദേശീയ ഡാറ്റ സംരക്ഷണ ചട്ടങ്ങൾ കർശനമായി പാലിക്കുന്നതായും കർവ അറിയിച്ചു.ആഗോളതലത്തിലെ മുൻനിര സ്വയംഭരണ സാങ്കേതികവിദ്യാ പങ്കാളികളുമായി സഹകരിച്ചാണ് റോബോ ടാക്സി സേവനം വികസിപ്പിച്ചത്. അന്താരാഷ്ട്ര അനുഭവവും പ്രാദേശിക ആവശ്യങ്ങളും സംയോജിപ്പിച്ച ഈ പദ്ധതി ഖത്തറിന്റെ ഭാവി ഗതാഗതത്തിന് പുതിയ ദിശ തുറക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.











